മലപ്പുറത്ത് ശശി തരൂര്‍ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം; ഗണ്‍മാന് പരിക്ക്

Jaihind News Bureau
Friday, April 3, 2026

വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ ഡോ. ശശി തരൂര്‍ എം.പിക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ കയ്യേറ്റ ശ്രമം. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് 7 മണിയോടെ വണ്ടൂര്‍ ചെള്ളിതോട് വെച്ചായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂര്‍.

തരൂര്‍ സഞ്ചരിച്ചിരുന്ന കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് എം.പിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമികളെ തടയാന്‍ ശ്രമിച്ച ഗണ്‍മാനെ സംഘം ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലീസ് അഞ്ചംഗ സംഘത്തിനെതിരെ കേസെടുത്തു.