കേരളത്തിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി ശശി തരൂരിന്‍റെ സ്നേഹസന്ദേശം… അവരുടെ തന്നെ ഭാഷയില്‍…

Jaihind News Bureau
Thursday, April 2, 2020

രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാൻ 21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരാഴ്ച പിന്നിട്ടതോടെ രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഭാഷയും ഭക്ഷണവും ഇവരുടെ പ്രതിസന്ധി പലയിടത്തും രൂക്ഷമാക്കി. എന്നാല്‍ അവർക്ക് തുണയായി ഒപ്പമുണ്ടെന്നും കരുതലുണ്ടെന്നും അവരെ അവരുടെ തന്നെ ഭാഷയില്‍ അവരെ അറിയിക്കുകയാണ് ശശി തരൂർ എംപി. തന്‍റെ വാക്കുകള്‍ ചിലർക്കെങ്കിലും സാന്ത്വനവും ആത്മവിശ്വാസവും നല്‍കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. ട്വിറ്ററിലൂടെയാണ്
ഇംഗ്ലീഷ് ഭാഷ മാത്രമല്ല ബംഗാളി ഭാഷയും തനിക്ക് വഴങ്ങുമെന്ന് വ്യക്തമാക്കി കേരളത്തിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി ശശി തരൂരിന്‍റെ സന്ദേശം.

“സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് എനിക്ക് മനസിലാവുന്നുണ്ട്. എന്നാൽ, ഇപ്പോൾ എല്ലാം അടച്ചിരിക്കുന്നതിനാൽ ഒരു സംസ്ഥാന അതിർത്തിയും കടക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മറ്റ് സാധനങ്ങൾ എന്നിവ സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും അവിടെ തന്നെ തുടരണമെന്നാണ് എന്‍റെ അഭ്യത്ഥന” – ശശി തരൂര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു.

എഴുതി തയ്യാറാക്കിയ കുറിപ്പില്‍ നിന്നാണ് തരൂര്‍ വായിക്കുന്നതെന്ന് വ്യക്തമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുളളത്. എങ്കിലും ഇത്തരമൊരു ഘട്ടത്തില്‍ തരൂരിന്‍റെ പരിശ്രമവും അദ്ദേഹം നല്‍കുന്ന സന്ദേശവും അതിന് പിന്നിലെ ഉദ്ദേശ്യവും മികച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ട്വീറ്റിനോട് നിരവധി ബംഗാളികളും പ്രതികരിക്കുന്നുണ്ട്. തരൂരിന്‍റെ ഏതൊരു ട്വീറ്റിനെയും പോലെ ഇതും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.