‘കോൺസുലേറ്റില്‍ ആർക്കും ജോലിക്ക് ശുപാർശ ചെയ്തിട്ടില്ല; പ്രതി ചേർക്കപ്പെട്ടിട്ടുള്ള വ്യക്തികളുമായി പരിചയവും ഇല്ല’ : സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശശി തരൂർ

Jaihind News Bureau
Tuesday, July 7, 2020

യുഎഇ കോൺസുലേറ്റില്‍ ആർക്കും ജോലിക്ക് വേണ്ടി ശുപാർശ ചെയ്തിട്ടില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്നും ശശി തരൂർ എംപി. അനാവശ്യമായി പേര് വലിച്ചിഴക്കുകയും ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ താൽപ്പര്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സംഭവം ഉൾപ്പെടുന്ന ഗുരുതരമായ ക്രിമിനൽ കാര്യമാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്വർണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് കർശന ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.


ശശി തരൂർ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ഈ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണമെന്നുമുള്ള ആവശ്യത്തെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്നു. തിരുവനന്തപുരത്ത് ഒരു കോൺസുലേറ്റ് തുറക്കാൻ യുഎഇയെ പ്രേരിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിന്‍റെ മൂല്യത്തെ ദുർബലപ്പെടുത്തരുത്. എന്നിരുന്നാലും, ഈ അഴിമതിയുമായി എന്നെ ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ അവസരവാദികളോട് ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കോൺസുലേറ്റില്‍ എന്‍റെ ശുപാർശ പ്രകാരം ജോലി ലഭിച്ച ഒരു വ്യക്തി പോലും ഉണ്ടായിട്ടില്ലെന്നും മാത്രമല്ല ഇപ്പോള്‍ പ്രതി ചേർക്കപ്പെട്ടിട്ടുള്ള വ്യക്തികളുമായി എനിക്ക് ഒരു മുൻ‌പരിചയവും ഇല്ല. ഞാന്‍ അവരെ കണ്ടിട്ടോ അവർക്കു വേണ്ടി ശുപാർശ ചെയ്തിട്ടോ ഇല്ല. ഞാന്‍ പ്രതിപക്ഷ എംപിയായിരിക്കുമ്പോഴാണ് 2016ല്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിനാല്‍ ഇവരെ റിക്രൂട്ട് ചെയ്ത സമയത്ത് ഞാന്‍ ഭരണപക്ഷ മന്ത്രിയായിരുന്നു എന്ന വാദം തെറ്റാണ്. എന്‍റെ പ്രശസ്തിക്കും മതിപ്പിനും കളങ്കമുണ്ടാക്കുന്ന തരത്തില്‍ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് നിയമനടപടി ക്ഷണിച്ചുവരുത്തുന്നതാണ്. ദേശീയ താൽപ്പര്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സംഭവം ഉൾപ്പെടുന്ന ഗുരുതരമായ ക്രിമിനൽ കാര്യമാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് കേസിലെ എല്ലാ പ്രതികളെയും അവർക്ക് സഹായം ചെയ്തവരെയും കണ്ടെത്തുകയും അവരുടെ ഫോണ്‍വിളികളും ബന്ധമുള്ളവരെയും സംബന്ധിച്ച രേഖകളും എടുക്കണമെന്നും മാത്രമല്ല സിബിഐ വഴിയുള്ള സമഗ്രമായ അന്വേഷണം വേണം എന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ പിന്താങ്ങുന്നത്.
തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗം എന്ന നിലയില്‍ കേസ് അടിയന്തരമായി പരിഗണിക്കുന്നതും പ്രതികളെല്ലാം ശിക്ഷിക്കപ്പെടുന്നതും കാണാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നടന്ന സംഭവങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയാണെങ്കില്‍ ഞാനും എന്‍റെ ഓഫീസും അന്വേഷണവുമായി പൂർണമായും സഹകരിക്കും. ദയവായി രാഷ്ട്രീയം ഇതില്‍ നിന്ന് മാറ്റിവയ്ക്കുക.