സ്വന്തം മക്കളെ തല്ലുന്ന അമ്മയെ കുറിച്ച് നിങ്ങൾ എന്തുപറയുന്നു ? മോദിയുടെ പ്രസ്താവനയ്ക്കെതിരെ ശശി തരൂർ

Jaihind News Bureau
Friday, December 11, 2020

ന്യൂഡല്‍ഹി : ഇന്ത്യയെ ജനാധിപത്യത്തിന്‍റെ അമ്മയെന്ന് ലോകരാജ്യങ്ങൾ വാഴ്ത്തുന്ന ദിവസം വരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക്  ശശി തരൂർ എംപിയുടെ മറുപടി. സ്വന്തം മക്കളെ തല്ലുന്ന അമ്മയെ കുറിച്ച് നിങ്ങൾ എന്തുപറയുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു . പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചുള്ള മോദിയുടെ വാർത്ത പങ്കുവച്ചായിരുന്നു  തരൂരിന്‍റെ ട്വീറ്റ്.

രാജ്യത്ത് കർഷക സമരം ശക്തമാകുമ്പോള്‍ സമരത്തോട് മുഖം തിരിച്ച് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങള്‍ തുടങ്ങിയ കേന്ദ്രനടപടിക്കെതിരെ രൂക്ഷവിമർശനമാണുയരുന്നത്. അന്നദാതാക്കളായ കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ പോരാടുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാർഗമാണതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല ഓർമ്മപ്പെടുത്തി.

അതേസമയം 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. നാല് നിലയുള്ള പാർലമെന്‍റ് മന്ദിരത്തിന് മാത്രം 1000 കോടിയോളം രൂപ ചെലവു വരുമെന്നാണ് റിപ്പോർട്ട്.