തിരുവനന്തപുരം: പാറശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്‍റെ മരണത്തില്‍ കൂടുതല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്തും ഷാരോണും തമ്മില്‍ അവസാനദിവസങ്ങളില്‍ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളും വീഡിയോയുമാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. ഷാരോണിന്‍റെ സഹോദരനോട് പെണ്‍കുട്ടി സംസാരിക്കുന്ന ശബ്ദസന്ദേശവുമുണ്ട്. കഷായം കുടിച്ച കാര്യം താന്‍ വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛര്‍ദ്ദിലിന് കാരണമെന്നുമാണ് വീട്ടുകാരെ അറിയിച്ചതെന്ന് ഷാരോണ്‍ പെണ്‍കുട്ടിയോട് വാട്‌സാപ്പില്‍ പറയുന്നുണ്ട്.
ഷാരോണ്‍: ‘ചേട്ടന്‍റെ അടുത്ത് കഷായം കുടിച്ചെന്ന് ഒന്നും പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ വീട്ടില്‍ പറഞ്ഞത് നമ്മള്‍ അന്ന് കുടിച്ചില്ലേ, ജ്യൂസ്, അതാണെന്നാണ്. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ കയ്പ്പുള്ളത്. അതുപോലത്തെ സാധനം കുടിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. അത് കുടിച്ചത് തൊട്ട് ഛര്‍ദ്ദിലാണെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്’
പെണ്‍കുട്ടി: ‘എനിക്കും ഈ ജ്യൂസില്‍ എന്തോ ഡൗട്ട് തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ, കുഴപ്പമൊന്നും ഇല്ലല്ലോ. ഇനി അത് റിയാക്ട് ആയതാണോ എന്തോ’
പെണ്‍സുഹൃത്ത് ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഷാരോണിന്‍റെ കുടുംബം ആരോപിച്ചു. സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഷാരോണിന്‍റെ ബന്ധുക്കള്‍ പുറത്തുവിട്ടു. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീട് പറയാമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ കാണാം.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25 ന് മരണം സംഭവിക്കുകയുമായിരുന്നു. പെണ്‍സുഹൃത്തും വീട്ടുകാരും ചേര്‍ന്ന് ആസൂത്രിതമായി പാനീയത്തില്‍ ആസിഡ് കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെ പരാതി. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ് റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷമേഎന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് പാറശാല പോലീസ്.
അതിനിടെ പെണ്‍കുട്ടിയുടെ കൂടുതല്‍ ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
‘എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്. ഷാരോണ്‍ വീട്ടില്‍ വന്നത് ഒറ്റയ്ക്കല്ല. കൂടെ സുഹൃത്തായ സജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോയെന്നും പെണ്‍കുട്ടി ഷാരോണിന്‍റെ അച്ഛനോട് വാട്സ്ആപ്പ്ചാറ്റില്‍ പറയുന്നു.
ഇതിനിടെ ഷാരോണിനെ 14-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയ സമയത്തും അതിന് ശേഷം 17-ാം തീയതി വീണ്ടും അഡ്മിറ്റാക്കിയ ശേഷമുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. ആദ്യ റിപ്പോര്‍ട്ടില്‍ കരള്‍, വൃക്ക എന്നിവയുടേയെല്ലാം പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടാണ് കാണിച്ചിരുന്നത്. ഡബ്ല്യുബിസി മാത്രമാണ് കൂടിയിരുന്നത്. എന്തെങ്കിലും വിഷവസ്തു ഉള്ളില്‍ ചെന്നാലാണ് ഡബ്ല്യുബിസി കൂടുന്നത്. 17-ാം തീയതി വന്ന റിപ്പോര്‍ട്ടില്‍ വൃക്കയുടേയും കരളിന്‍റേയുമെല്ലാം പ്രവര്‍ത്തനം നിലച്ചരീതിയിലായിരുന്നു കാണിച്ചത്. അത്രയും മാരകമായ വിഷവസ്തു അല്ലെങ്കില്‍ ആസിഡ് പോലുള്ളവ അകത്ത് ചെന്നാലല്ലാതെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇത്രയധികം വ്യതിയാനം റിപ്പോര്‍ട്ടില്‍ സംഭവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതെന്നും ഷാരോണിന്‍റെ സഹോദരന്‍ പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് ശേഷമാണ് തുടര്‍ച്ചയായ ഛര്‍ദ്ദിയാണുണ്ടായതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഷാരോണിന്‍റെ ആന്തരികാവയവങ്ങള്‍ പൂര്‍ണമായും പൊള്ളിനശിച്ച നിലയിലുമായിരുന്നു. കഷായവും ജ്യൂസും കുടിച്ചത് കൊണ്ട് മാത്രം ഇങ്ങനെ സംഭവിക്കില്ലെന്നും കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും ഷാരോണിന്‍റെ കുടുംബം ആവശ്യപ്പെടുന്നു.