ഷാര്‍ജ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ സജീവമാകുന്നു ; ഇനി ഇംഗ്ലീഷ് അപ്‌ഡേറ്റ്‌സുകളും

Jaihind News Bureau
Tuesday, September 17, 2019

ഷാര്‍ജ : യു.എ.ഇയിലെ പ്രമുഖ പൊലീസ് സേനകളില്‍ ഒന്നായ ഷാര്‍ജ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകുന്നു. ഇതിന്‍റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമില്‍ ഷാര്‍ജ പൊലീസിന്‍റെ തത്സമയ വാര്‍ത്തകളും അപ്‌ഡേറ്റ്‌സുകളും സജീവമാക്കി. നേരത്തെ അറബിക് ഭാഷയിലാണ് കൂടുതലെങ്കില്‍ ഇനി ഇംഗ്‌ളീഷ് ഭാഷയിലും കൂടുതല്‍ സജീവമാകാനാണ് പൊലീസിന്‍റെ തീരുമാനം.

നിലവില്‍ ഒരു ലക്ഷത്തിലധികം പേര്‍ പിന്‍തുടരുന്ന ഇന്‍സ്റ്റാഗ്രാമില്‍ ഇതിനകം ഒമ്പതിനായിരത്തിലധികം റിപ്പോര്‍ട്ടുകളാണ് ഷാര്‍ജ പൊലീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഷാര്‍ജ പൊലീസിന്‍റെ പ്രധാന അറിയിപ്പുകളും നേട്ടങ്ങളും അംഗീകാരങ്ങളും എല്ലാം ഇതിലുണ്ട്. നേരത്തെ ട്വിറ്ററിലും ഫേയ്‌സ്ബുക്കിലും യൂട്യൂബിലും സജീവമായ ഷാര്‍ജ പൊലീസിന് ഏറെ ആരാധകരുമുണ്ട്.