ഷാര്‍ജ: യുഎഇയിലെ കലാ-സാംസ്‌കാരിക സംഘടനയായ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം നാല്‍പ്പത്തിയഞ്ചാം വാര്‍ഷികം ഫെബ്രുവരി 26 ന് ഞായറാഴ്ച വന്‍ ആഘോഷത്തോടെ നടക്കും. ഇതുസംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് എന്‍.പി മുഹമ്മദലി, ജനറല്‍ സെക്രട്ടറി രഞ്ജന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ജനപ്രിയ ടെലിവിഷന്‍ ചാനലായ ജയ്ഹിന്ദ് ടിവിയാണ് ഏകദിന പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ ഞായറാഴ്ച രാവിലെ 11 ന് കുടുംബ സംഗമത്തോടെ പരിപാടികള്‍ ആരംഭിക്കും. വീക്ഷണം മഹോത്സവം എന്ന പേരിലുള്ള പരിപാടിയില്‍ തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇ.പി ജോണ്‍സണ്‍ അറിയിച്ചു. എംഎല്‍എയായിട്ട് ഇത് ആദ്യമായാണ് ഉമ തോമസ് യുഎഇയിലെത്തിയത്. പി.ടി തോമസ് സ്മാരക അവാര്‍ഡ് ആര്യാടന്‍ ഷൗക്കത്തിന് സമ്മാനിക്കും.
സ്റ്റേജ് ഷോ രംഗത്തെ പ്രമുഖന്‍ കെ.എസ് പ്രസാദ് സംവിധാനം ചെയ്ത, കൊച്ചിന്‍ ഗിന്നസിന്‍റെ മെഗാ ഷോയും രാത്രി 7.45 ന് ആരംഭിക്കും. പരിപാടിയുടെ വിജയത്തിന് ഇ.പി ജോണ്‍സണ്‍ ചെയര്‍മാനും മാത്യു ജോണ്‍ ജനറല്‍ കണ്‍വീനറായും അഡ്വ. അന്‍സാര്‍ താജ് കോ ഓര്‍ഡിനേറ്ററായും 101 അംഗ സ്വാഗത സംഘ കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു. ഇന്ദിരാഗാന്ധി വീക്ഷണം ഫോറം കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് എന്‍.പി മുഹമ്മദലി , ജനറല്‍ സെക്രട്ടറി രഞ്ജന്‍ ജേക്കബ് , ട്രഷറര്‍ എന്‍ കെ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഏകദിന പരിപാടികള്‍
പഠന ക്ലാസ്
സമയം – ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ
വിഷയം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്രവും വര്‍ത്തമാനവും
സംവാദം
സമയം – 3.45 മുതല്‍ 5.45 വരെ
വിഷയം- മതേതര ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും
പൊതുസമ്മേളനം – അവാര്‍ഡ് ദാനം
സമയം – വൈകിട്ട് 6 മുതല്‍ 7.30 വരെ
വീക്ഷണം കലാസന്ധ്യ- സ്റ്റേജ് ഷോ
രാത്രി 7.45 മുതല്‍ 10 വരെ