ഷാര്‍ജയില്‍ പുസ്തകങ്ങളുടെ ഉത്സവകാലത്തിന് കൊടിയേറി ; ഇനി 11 നാള്‍ മരുഭൂമിയില്‍ വായനയുടെ വസന്തകാലം

B.S. Shiju
Wednesday, October 30, 2019

ദുബായ് : മുപ്പത്തിയെട്ടാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി 11 ദിവസത്തെ മേള ഉദ്ഘാടനം ചെയ്തു. അതേസമയം മേളയില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ സൂപ്പര്‍താരം അമിതാബ് ബച്ചന്‍ ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുത്തില്ല.

അറബ് ലോകത്ത് പുസ്ത വസന്തം സമ്മാനിച്ചാണ് പതിനൊന്ന് ദിവസത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് കൊടിയേറിയത്.  ‘തുറന്ന പുസ്തകങ്ങള്‍- തുറന്ന മനസ്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി  മേള ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു. മേളയിലെ മുഖ്യാതിഥിയായ ഇന്ത്യന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചന് ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതേസമയം യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ നൊബേല്‍ സമ്മാന ജേതാവും പ്രമുഖ തുര്‍ക്കി എഴുത്തുകാരനുമായ ഒര്‍ഹാന്‍ പാമുക് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

ഷാര്‍ജ എക്‌സ്‌പോ സെന്‍ററിലെ ഹാള്‍ നമ്പര്‍ ഏഴില്‍ സജീവസാന്നിധ്യമായി ഇന്ത്യന്‍ പവലിയനുമുണ്ട്.  ഇന്ത്യയില്‍ നിന്ന് മലയാളം ഉള്‍പ്പടെ നൂറ്റമ്പതിലേറെ പ്രസാധകര്‍ പങ്കെടുക്കുന്നു. ഇതില്‍ ഭൂരിഭാഗവും മലയാളത്തില്‍ നിന്നാണ്. ഡി.സി ബുക്‌സ്, കറന്‍റ് ബുക്‌സ്, ഒലിവ്, ലിപി, ഗ്രീന്‍ ബുക്‌സ്, കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍സ് തുടങ്ങിയ നിരവധി പ്രസാധകരും മേളയില്‍ സാന്നിധ്യം അറിയിക്കുന്നു. ഇതിനിടെ മലയാള പുസ്തക പ്രകാശനങ്ങളുടെ പ്രധാന വേദിയായ റൈസേഴ്സ് ഫോറം ഹാള്‍ ഇത്തവണ ഹാള്‍ നമ്പര്‍ ഏഴിലേക്ക് മാറ്റി.

https://www.facebook.com/jaihindtvmiddleeast/videos/414340395924048/