അനുമതിയായി : ചാര്‍ട്ടേര്‍ഡ് വിമാന നിരക്ക് കുറച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ; ടിക്കറ്റിന് 1050 -ല്‍ താഴെ : ആദ്യ സര്‍വീസ് കേരളത്തിലേക്ക് , രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍

B.S. Shiju
Thursday, June 4, 2020

ദുബായ് : ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ അസോസിയേഷനുകളില്‍ ഒന്നായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് ഔദ്യോഗിക തലത്തിലുള്ള അവസാന അനുമതിയും ലഭിച്ചു. ഇതനുസരിച്ച്, ആദ്യഘട്ടത്തില്‍ അഞ്ചു ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അനുമതിയാണ് ലഭിച്ചത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് . ഓരോ എയര്‍പോര്‍ട്ടിലേക്കും  ഓരോ സര്‍വീസ് വീതവും, കൊച്ചിയിലേക്ക് രണ്ടു സര്‍വീസുമാണ് പ്രതീക്ഷിക്കുന്നത്. 1050 ദിര്‍ഹം എന്ന ടിക്കറ്റ് നിരക്കിലാണ് സര്‍വീസിന് തയ്യാറെടുക്കുന്നതെന്നും സൂചനയുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാര്‍ജ അസോസിയേഷന്‍ ഇതിന്‍റെ അവസാനവട്ട അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഒരു വിമാനത്തില്‍ 175-ല്‍ താഴെ പേര്‍ക്ക് യാത്രാ സൗകര്യമുള്ള വിമാനമാണ് ഉദ്ദേശിക്കുന്നത്.  ഇതോടെ, എഴുന്നൂറ്റിയമ്പതിലധികം പേര്‍ ആദ്യഘട്ടത്തില്‍ ഷാര്‍ജ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വഴി, കേരളത്തിലേക്ക് പറക്കുമെന്ന് കോഓര്‍ഡിനേറ്ററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും ഇന്‍കാസ് ഷാര്‍ജ പ്രസിഡണ്ടുമായ അഡ്വ. വൈ.എ റഹിം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ഇതിന്‍റെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ ആറ് ശനിയാഴ്ച മുതല്‍ ആരംഭിക്കാനാകുമെന്നും അറിയുന്നു. അങ്ങിനെയെങ്കില്‍ ആദ്യ സര്‍വീസ് ഒരാഴ്ചയ്ക്കുള്ളില്‍ പറന്നുയരും. അതേസമയം, മറ്റു സംഘടനകളുടെ ചാര്‍ട്ടേര്‍ഡ് വിമാന ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍, കുറഞ്ഞ നിരക്കാണ് അസോസിയേഷന്‍റേത്. വേണ്ടിവന്നാല്‍, ആയിരം ദിര്‍ഹത്തില്‍ താഴേയ്ക്കും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനും ചില ആലോചനകളുണ്ട്.

ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ക്കായി അസോസിയേഷന്‍റെ മാനേജിങ് കമ്മിറ്റി യോഗം നാളെ ( വെളളി ) ഷാര്‍ജയില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ അറിയിക്കുമെന്ന് പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ പറഞ്ഞു. കേരളത്തിന് പുറമേ, ആന്ധ്രപ്രദേശ്, തെലുങ്കുദേശം എന്നീ സംസ്ഥാനങ്ങളിലേക്കും ചാര്‍ട്ടേര്‍ഡ് വിമാനത്തിന് ഔദ്യോഗികതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഈ പ്രത്യേക വിമാനം എന്ന പ്രഖ്യാപനം, ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കിടയിലും ഇന്‍കാസ് അനുഭാവികളിലും വലിയ ആവേശവും ഉണര്‍വും ഉണ്ടാക്കിയിട്ടുണ്ട്.