ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചാര്‍ട്ടര്‍ വിമാനം: രജിസ്‌ട്രേഷന്‍ 21,000 കവിഞ്ഞു; ക്വട്ടേഷന് മത്സരിച്ച് വിമാനക്കമ്പനികളും ട്രാവല്‍ എജന്‍റുമാരും; തീരുമാനം തിങ്കളാഴ്ച, ആദ്യ വിമാനം 12 ന്

Elvis Chummar
Sunday, June 7, 2020

 

ദുബായ് : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പോകാന്‍, രണ്ടു ദിവസത്തിനുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 21,000 കവിഞ്ഞു. നിലവില്‍ കേരളത്തിലേക്ക് അനുമതി ലഭിച്ച അഞ്ചു ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ആകെ ആയിരത്തോളം പേര്‍ക്ക് മാത്രമേ പോകാനാകൂ. അതേസമയം, പതിനഞ്ച് പുതിയ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് കൂടി അനുമതി തേടി, അസോസിയേഷന്‍ അധികാരികള്‍ക്ക് കത്ത് നല്‍കി. ഇതിനിടെ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ക്വട്ടേഷന്‍ സ്വന്തമാക്കാന്‍ വിമാനക്കമ്പനികളും ട്രാവല്‍ എജന്‍സികളും മത്സരം കൂടുതല്‍ ശക്തമാക്കി.

ഇതുവരെ കിട്ടിയത് ഏഴ് ക്വട്ടേഷനുകള്‍

ഇതിനിടെ, അസോസിയേഷന്റെ ചാര്‍ട്ടര്‍ വിമാനം ഏതെന്ന് തിങ്കളാഴ്ച അറിയാനാകും. കുറഞ്ഞ നിരക്ക് തരുന്ന വിമാനക്കമ്പനിയെ നിശ്ചയിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചതോടെ, ഏഴ് അപേക്ഷകള്‍ അസോസിയേഷന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ , ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മിക്ക കമ്പനികളും നിലവിലെ മറ്റു ചാര്‍ട്ടേര്‍ഡ് വിമാന ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ ക്വട്ടേഷനാണ് നല്‍കിയതെന്ന് അറിയുന്നു. എങ്കിലും , അസോസിയേഷന്‍ നേതൃത്വം സുതാര്യമായ രീതിയില്‍ പരിശോധനകള്‍ നടത്തി,  ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ പറഞ്ഞു. ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ അസോസിയേഷനുകളില്‍ ഒന്നാണ് ഷാര്‍ജ അസോസിയേഷന്‍.

ആദ്യവിമാനം ജൂണ്‍ 12 ന് ആകുമെന്ന് സൂചന

അതേസമയം, ആദ്യഘട്ടത്തില്‍ അഞ്ചു ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇവിടെയാണ് യാത്രക്കാരുടെ എണ്ണത്തിലുള്ള ഈ ഭീമമായ വര്‍ധന. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ഇപ്രകാരം വരുംദിവസങ്ങളില്‍ വിമാനം പറന്നുയരും. ആദ്യഘട്ട സര്‍വീസ് ജൂണ്‍ 12 ന് വെള്ളിയാഴ്ചയാകുമെന്ന് സൂചനകളുണ്ട്. അതേസമയം, എമിറേറ്റ്‌സ് പോലുള്ള വലിയ വിമാനക്കമ്പനികളും ക്വട്ടേഷനായി ശ്രമിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഒരു യാത്രയില്‍ 300 മുതല്‍ 360 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. ഇതനുസരിച്ച് , 1800 പേരെ അഞ്ചു വിമാനങ്ങളിലായി നാട്ടിലെത്തിക്കാനാകും. ചെറിയ വിമാനങ്ങളാണെങ്കില്‍ ആയിരത്തില്‍ താഴെ മാത്രമായി കുറയും. ഇപ്രകാരം, കുറഞ്ഞ ടിക്കറ്റ് നിരക്ക്, മികച്ച സുതാര്യത, പഴതുകള്‍ അടച്ചുള്ള പ്രവര്‍ത്തനം എന്നിവ ലക്ഷ്യമാക്കിയുള്ള ക്വട്ടേഷനാണ് പ്രഖ്യാപിക്കുകയെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴിലെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് പരമ്പരയാണിത്.

രജിസ്ട്രേഷന്: http://iassharjah.com/en/covid-19-chartered-flight-registration