‘ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം പങ്കുവെച്ചു’; ജനം ടിവി ക്കെതിരെ കലാപ ആഹ്വാനത്തിന് കേസ് നൽകി കെഎസ്‌യു

Jaihind Webdesk
Thursday, August 15, 2024

 

തിരുവനന്തപുരം: മഹാത്മഗാന്ധിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജനം ടിവിക്കെതിരെ കെഎസ്‌യു  ഡിജിപിക്ക് പരാതി നൽകി. രാജ്യം 78 മത് സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയിൽ ഫേസ്ബുക്കിലൂടെ സ്വാതന്ത്ര്യസമരസേനാനികളെയും ഇന്ത്യൻ രാഷ്ട്രപിതാവിനെയും അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തുകയും, അതുപോലെതന്നെ ഗാന്ധി ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന തരത്തിൽ അടക്കമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ സ്പർദ വളർത്തുന്നതിന് കാരണമാകുന്ന തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്ന ജനം ടിവിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരായി കേരള ഡിജിപിക്ക് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ പരാതി നൽകി.

കഴിഞ്ഞ കാലങ്ങളിൽ ഉത്തരേന്ത്യയിൽ ബിജെപിയും സംഘപരിവാറും ഗാന്ധി വിരുദ്ധത മുഖമുദ്രയായി സ്വീകരിച്ച് ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർക്കുന്നത് നമ്മൾ കണ്ടതാണ്. സമാനമായ രീതിയിൽ കേരളത്തിലെ ഒരു ടിവി ചാനലിന്‍റെ പേരിൽ ഇത്തരത്തിലുള്ള പ്രചരണങ്ങളും രാജ്യവിരുദ്ധമായിട്ടുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് മാധ്യമ സമൂഹത്തിന് തന്നെ അപമാനമാണെന്നും ആദേഷ് സുധർമ്മൻ പറഞ്ഞു.

പരാതിയുടെ പൂർണ രൂപം;

ബഹുമാനപ്പെട്ട സാർ,

നമ്മുടെ രാജ്യം 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ധീരതയോടെ നയിച്ചിരുന്ന സ്വാതന്ത്ര സമര സേനാനികളെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടീവി എന്ന ചാനൽ. ജനം ടിവി ചാനലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവെച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിൽ, അദ്ദേഹത്തിന് നേർക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്. മഹാത്മാഗാന്ധിജിക്കെതിരായി വെടിയുതിർക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ ആ പോസ്റ്റ് പിൻവലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തു.
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളിൽ സ്പർദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ ജനം ടിവി ചാനലിന്‍റെ ശ്രമങ്ങൾക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും, രാജ്യത്തെയും രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിച്ചവർക്കെതിരെ കലാപ ആഹ്വാന കുറ്റം അടക്കം ചുമത്തി കേസ് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.