തൊഴിലാളികളേയും വ്യാപാരികളേയും നേരില്‍ കണ്ട് സഹായം തേടി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചരണം. രാവിലെ കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിലിനെ സന്ദര്‍ശിച്ച ശേഷം അരൂര്‍ നിയോജക മണ്ഡലത്തിലെത്തി . അവിടെ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം നിരവധി ചെമ്മീന്‍ പീലിംഗ് ഷെഡുകളില്‍ കയറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി. ഏവരും ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. അരൂരിലെ വ്യവസായ മേഖലയിലും മലബാര്‍ സിമന്റ്സിലും പള്ളിപ്പുറത്തെ കോണ്‍വെന്റിലും സന്ദര്‍ശനം നടത്തി. അരൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ വ്യാപാരികളെ കണ്ടും ഷാനിമോള്‍ വോട്ട് തേടി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ജീവനക്കാരേയുമെല്ലാം നേരില്‍ കണ്ടു. മണ്ഡലത്തിലെ മരണവീടുകളും സന്ദര്‍ശിച്ചു.
കരുനാഗപ്പള്ളിയിൽ അന്യ സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഉപവാസ സമരത്തിൽ പങ്കെടുത്തു. അതിനു ശേഷം ഹരിപ്പാട് ബൈക്കപകടത്തിൽ മരണപ്പെട്ട ചിങ്ങോലി സ്വദേശികളായ യുവാക്കളുടെ വീട് സന്ദർശിച്ചു.