സംസ്ഥാനത്ത് നാളെ എസ്.എസ്.എല്‍.സി – പ്ലസ് 2 പരീക്ഷകള്‍ നടക്കാനിരിക്കെ, പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി സാനിറ്റൈസർ ലഭ്യമാക്കി അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ. എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഷാനിമോൾ ഇനീഷ്യേറ്റീവ്’ എന്ന ഹെൽത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് പരീക്ഷ എഴുതുവാൻ വരുന്ന സ്കൂൾ കുട്ടികളുടെ ഉപയോഗത്തിനായി സ്കൂളുകളിൽ സാനിറ്റൈസർ ഡിസ്പെൻസർ എത്തിച്ചു നൽകിയത്.
അരൂർ നിയോജക മണ്ഡലത്തിലെ 20 സ്കൂളുകളിലായി 2443 കുട്ടികളാണ് പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകൾ എഴുതുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന 10 സ്കൂളുകളിലാണ് സാനിറ്റൈസർ ഡിസ്പെൻസർ എത്തിച്ചത് . കൊറോണ കാലത്ത് പരീക്ഷ എഴുതുന്ന കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇപ്പോൾ സാനിറ്റൈസർ ഡിസ്പെൻസർ എത്തിക്കുന്നതെന്നും ഇവ ഉപയോഗിക്കേണ്ട വിധവും പറഞ്ഞു തരികയാണ് ഷാനിമോൾ ഉസ്മാൻ എംഎൽഎ.
കുട്ടികൾക്ക് സ്കൂളിൽ വരുമ്പോഴും തിരികെ പോകുമ്പോഴും കൈകൾ അണുവിമുക്തമാക്കാൻ ഇത് ഉപയോഗിക്കാം. കുട്ടികളുടെ ഉപയോഗത്തിനായി തീർത്തും സുരക്ഷിതമായി കൈകൾ ഉപയോഗിക്കാതെ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന തരത്തിലുള്ള ഹാൻഡ്സ് ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ ആണ് ഇത്. കുട്ടികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഷാനിമോൾ ഇനിഷ്യേറ്റീവ് ആരോഗ്യപദ്ധതിയിൽ ഹാൻഡ്സ് ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.
https://youtu.be/6a02pP60XnU