റോഡിന്‍റെ മരണം വേദനിപ്പിച്ചു, പിന്നാലെ വോണും യാത്രയായി…

Jaihind Webdesk
Friday, March 4, 2022

 

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം റോഡ്നി മാര്‍ഷിന്‍റെ  മരണത്തിലുള്ള വേദന പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ്   സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും വിടപറഞ്ഞകന്നത്.  ആരാധകര്‍ക്ക് ഇരട്ടി നൊമ്പരം നല്‍കുന്നതായി വോണിന്‍റെ അപ്രതീക്ഷിത വിയോഗം.

ഇന്ന് രാവിലെയാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന റോഡ്നി മാര്‍ഷ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74 കാരനായ റോഡിന്‍റെ അന്ത്യം. ഈ മരണത്തില്‍ താന്‍ ഏറെ ദുഃഖിക്കുന്നതായി വോണ്‍ ട്വിറ്ററില്‍ കുറിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം എക്കാലത്തെയും സ്പിന്‍ മാന്ത്രികനും യാത്രയായി. അതും ഹൃദയാഘാതത്തെ തുടര്‍ന്ന്. യാദൃശ്ചികതയാവാമെങ്കിലും ഇതിഹാസ താരങ്ങളുടെ വിയോഗത്തിന്‍റെ അമ്പരപ്പിലും സങ്കടത്തിലുമാണ് ആരാധകര്‍.

‘റോഡ് മാര്‍ഷ് ലോകത്തെ വിട്ടുപിരിഞ്ഞതില്‍ അതിയായി വിഷമിക്കുന്നു. അദ്ദേഹം ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമാണ്. ഒട്ടേറെ യുവതീയുവാക്കളടങ്ങുന്ന പുതിയ തലമുറയ്ക്ക് പ്രചോദനം. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആദരാഞ്ജലികള്‍ റോഡ്’- ഇതായിരുന്നു വോണിന്‍റെ അവസാന ട്വിറ്റര്‍ സന്ദേശം.

റോഡ്നി മാര്‍ഷ്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന മാര്‍ഷ് ഓസ്‌ട്രേലിയക്കായി 96 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1970-ല്‍ ആഷസ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം. 1984 ല്‍ പാകിസ്ഥാനെതിരായ മത്സരത്തോടെ വിടവാങ്ങി. ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970-1984 കാലഘട്ടമായിരുന്നു റോഡ്നി ഓസ്ട്രേലിയക്കായി കളിച്ചത്.