ശക്തി കാന്ത ദാസ് IAS പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാകും. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേയ്ക്കാണ് നിയമനം.
വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്ന് ഊര്‍ജിത് പട്ടേല്‍ പറയുമ്പോഴും റിസര്‍വ്വ് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഇടപെടല്‍ സംബന്ധിച്ച് മന്ത്രാലയവുമായി കുറേ ദിവസങ്ങളായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് അദ്ദേഹത്തിന്‍റെ രാജിയിലേക്ക് നയിച്ചതെന്നത് വ്യക്തമാണ്. ഭരണത്തിലിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നടപടികളെടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് ചുമതലയേല്‍ക്കുന്നത്.