ബി.ജെ.പി മീഡിയാ സെല്ലിന്റെ പ്രസ്താവന വ്യാജമോ? ഒപ്പിട്ടിട്ടില്ലെന്നും യോജിക്കാനാവില്ലെന്നും ഷാജി കൈലാസും ചിത്രയും

Jaihind News Bureau
Friday, December 7, 2018

കോഴിക്കോട്: ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെയോ ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് തങ്ങളുടെ അറിവോടു കൂടിയല്ലെന്ന് ഷാജി കൈലാസ്. തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ അറിവോടെയല്ല തന്റെ പേര്‍ എഴുതി ചേര്‍ത്തതെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരനും അധ്യാപകനുമായ വി.ആര്‍. സുധീഷും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.’ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് നേരത്തെ രംഗത്ത് വന്നിരുന്നു. ‘ഞാന്‍ ആ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല. അത് എന്റെ നിലപാടല്ല. ഇത് ദുരുദ്ദേശപരമാണ്’ എന്നാണ് സുധീഷ് പ്രസ്താവന പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നു എന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പേരിലിറങ്ങിയ പ്രസ്താവനയില്‍ പറയുന്നത്. ജയിലിലുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വിട്ടയക്കണമെന്നും ഈ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

എം.ജി.എസ് നാരായണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പി. പരമേശ്വരന്‍, സുരേഷ് ഗോപി എം.പി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, വി.ആര്‍ സുധീഷ്, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, ആര്‍.കെ ദാമോദരന്‍, സജി നാരായണന്‍ തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവനയെന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. താന്‍ ഒപ്പിട്ടിട്ടില്ലാത്ത പ്രസ്താവനയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെയാണ് വി.ആര്‍ സുധീഷ് രംഗത്തുവന്നിരിക്കുന്നത്.