ഞാനും ഞാനുമെന്റാള്‍ക്കാരും മതി; ഒഴിവുണ്ടായിട്ടും ശൈലജയെ പിബിയില്‍ പരിഗണിച്ചില്ല; കാരണഭൂതന്‍ ഇഫക്ട്

Jaihind News Bureau
Sunday, April 6, 2025

പിബിയും കേന്ദ്രകമ്മിറ്റിയുമെല്ലാം അഴിച്ചുപണിതിട്ടും കൊല്ലം കുണ്ടറയിലെ എം എ ബേബി പാര്‍ട്ടി സെക്രട്ടറിയായിട്ടും കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നുള്ള കെ കെ ശൈലജ എം എല്‍എയ്ക്ക് പിബിയില്‍ സ്ഥാനമില്ല. ഒഴിവാക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ നിന്നെല്ലാം പാര്‍ട്ടിയിലെ ഒരാള്‍ പഴയ ആരോഗ്യമന്ത്രിയെ ഓടിച്ചുവിടുന്നു എന്ന ആരോപണത്തിന് ശക്തികൂട്ടുന്നതാണ് ശൈലജയുടെ ഒഴിവാക്കല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ലിസ്റ്റില്‍ പെടുന്ന ആളല്ല കെ കെ ശൈലജ. ഭരണമികവിലൂടെ ഒരുവേള തന്നെ മറികടക്കുമോ എന്ന് പിണറായി ഭയക്കുന്നതിനാലാണെന്ന വിലയിരുത്തലുകളും ഈ ആരോപണത്തിന് പിന്‍ബലം നല്‍കുന്നുണ്ട്. 17 അംഗ പൊളിറ്റ് ബ്യൂറോ ഇത്തവണ 18 പേരായി സീറ്റു വര്‍ദ്ധിപ്പിച്ചു. 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്തായി. കേരളത്തില്‍ നി്ന്ന് കോടിയേരിയുടെ ഒഴിവുണ്ടായിരുന്നു. ഇത്രയെല്ലാം അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നിട്ടും ശൈലജ പിബിയില്‍ എത്തിയില്ല. അവരുടെ പേര് സംസ്ഥാന സമിതിയില്‍ നിന്ന് കേന്ദ്രസമിതിയില്‍ എത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവിലെ പി.ബി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പിബിയില്‍ ഒഴിവു നല്‍കിയത് . പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്ളയും തമിഴ്നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെട്ടു.

നിലവില്‍ പിബിയില്‍ കേരളത്തിന്റെപ്രാതിനിധ്യം കുറയുകയാണുണ്ടായത്. കോടിയേരിയുടെ ഒഴിവില്‍ ആരും പകരമെത്തിയില്ല. ഒരു സീറ്റ് ത്യജിച്ചിട്ടു പോലും ശൈലജയെ ഒഴിവാക്കുകയായിരുന്നു. ഇതാണ് ശൈലജയുടെ ഒഴിവാക്കല്‍ ശ്രദ്ധേയമാക്കുന്നത്. പിബിയില്‍ നിലവിലുള്ള നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ തുടരും.