ഷെഹ്ലാ റാഷിദിനെ അറസ്റ്റ് ചെയ്യരുത്; രാജ്യദ്രോഹ കുറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോടതി

Jaihind Webdesk
Tuesday, September 10, 2019

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവും ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ മുന്‍നേതാവുമായ ഷെഹ്ലാ റാഷിദിനെതിരായ അറസ്റ്റ് കോടതി തടഞ്ഞു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഷെഹ്ലാ റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ നിരീക്ഷിച്ചു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞശേഷമുള്ള സ്ഥിതി വിവരിച്ച് ട്വീറ്റ് ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. പട്ടാളക്കാര്‍ താഴ്‌വരയിലെ വീടുകള്‍ കൊള്ളയടിച്ചെന്നും നാട്ടുകാരെ പീഡിപ്പിച്ചെന്നും ട്വിറ്ററിലെ കുറിപ്പില്‍ ഷെഹ്‌ല ആരോപിച്ചിരുന്നു. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 124 എ, 153 എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്ല ആരോപിച്ചിരുന്നു. ഓഗസ്റ്റ് 18 ട്വീറ്റുകളാണ് കേസിന് പ്രധാന കാരണം.

രാത്രിയിലും സൈനികര്‍ വീടുകള്‍ കയറി ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടു പോവുകയാണ്. വീടുകള്‍ തകര്‍ക്കുന്നു. പൊലീസിന് ക്രമസമാധാന പാലനത്തില്‍ ഒരു പങ്കുമില്ലെന്നും ഷെഹ്ല ആരോപിച്ചിരുന്നു. സി.ആര്‍.പി.എഫ് അടക്കമുള്ള അര്‍ധ സൈനിക വിഭാഗങ്ങളാണ് എല്ലാം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചിരുന്നത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം സൈന്യം തള്ളിയിരുന്നു.