ഷഹീന്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കുമെന്ന് ജനത്തിന് മുന്നറിയിപ്പ് : ഒമാനില്‍ രണ്ടുദിവസം പൊതു അവധി ; ബസ് -ഫെറി സര്‍വീസുകള്‍ നിര്‍ത്തി

Elvis Chummar
Sunday, October 3, 2021


ദുബായ് : ഷഹീന്‍ ചുഴലിക്കാറ്റ് യുഎഇ കാലാവസ്ഥയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഇതോടെ, ബീച്ചുകള്‍, താഴ്വരകള്‍, അണക്കെട്ടുകള്‍, പര്‍വതപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് യുഎഇ അധികൃതര്‍, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചു.

ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീന്‍ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ അക്ഷാംശത്തില്‍ 24.3 നോര്‍ഹ്, 60.9 കിഴക്ക് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യത്യസ്ത തീവ്രതയുള്ളതും ശക്തമായതുമായ മഴമേഘങ്ങള്‍ക്കൊപ്പം വിവിധ തരം മേഘങ്ങളായി രൂപപ്പെടുന്നുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനാലല്‍, അറബിക്കടലില്‍ മണിക്കൂറില്‍ 116 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍, യുഎഇയിലെ ബീച്ചുകള്‍, താഴ്വരകള്‍, അണക്കെട്ടുകള്‍, പര്‍വതപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് യുഎഇ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3, 4 തീയതികളിലാണ് അവധി നല്‍കിയത്. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ അവധി ബാധകമല്ല. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ ബസ്, ഫെറി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. ഒക്ടോബര്‍ മൂന്നു മുതല്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുമെന്നു ദേശീയ ഗതാഗത കമ്പനി അറിയിച്ചു. അതേസമയം, സലാല സിറ്റി ബസ് സര്‍വീസുകളും ശന്നാഹ്-മസീറ റൂട്ട് ഫെറി സര്‍വീസുകളും തുടരും.