ഡല്‍ഹിയില്‍ വീണ്ടും ബുള്‍ഡോസറുകളുമായി ഇടിച്ചുനിരത്തല്‍; തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Monday, May 9, 2022

 

ന്യൂഡൽഹി: ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും ഇടിച്ചുനിരത്തിലിനുണ്ടായ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇടിച്ചുനിരത്താനെത്തിയ ബുള്‍ഡോസറുകള്‍ കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു.

ഷഹീൻബാഗിൽ ഉൾപ്പെടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച രാവിലെ നടപടി ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന പൊളിക്കല്‍ നടപടി മതിയായ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

ഡൽഹിയിലെ ജഹാംഗീർപുരിയില്‍ കഴിഞ്ഞ മാസം ഇതുപോലെ ഇടിച്ചുനിരത്തല്‍ നടത്തിയത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു നടപടി. പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കല്‍ നടപടി നിർത്തിവെക്കുകയായിരുന്നു.