പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസിലെ മൂന്ന് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷൈബിന്‍ അഷ്റഫിന് 13 വര്‍ഷവും 9 മാസം തടവും രണ്ടാം പ്രതി ശിഹാബിന് 8 വര്‍ഷം 9 മാസവും ആറാം പ്രതി നിഷാദിന് 5 വര്‍ഷം 9 മാസവുമാണ് തടവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഒന്നാം പ്രതി 2,10,000 രൂപ പിഴയും, ശിഹാബുദ്ദീന്‍, നിഷാദ് എന്നിവര്‍ 15,000 രൂപ വീതം പിഴയും അടയ്ക്കണം. കഴിഞ്ഞ ദിവസം മൂവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി ചേര്‍ത്തിരുന്ന മറ്റ് 12 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ അപൂര്‍വ കേസായി ഇതോടെ ഷാബാ ഷെരീഫ് കേസ് മാറി.
2020 ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയത്. രഹസ്യം ചോര്‍ത്തി എടുത്ത് വ്യാപാരം നടത്തി പണമുണ്ടാക്കാനായിരുന്നു പ്രതി അഷ്‌റഫ് ലക്ഷ്യമിട്ടിരുന്നത്. 2019 ഓഗസ്റ്റില്‍ ഷെരീഫിനെ മൈസൂരില്‍ നിന്നും തട്ടിക്കൊണ്ടു വന്ന് ഒരു വര്‍ഷത്തോളം ക്രൂരമായി ചങ്ങലക്കിട്ട് പീഡിപ്പിക്കുകയായിരുന്നു. എന്നിട്ടും രഹസ്യം പറഞ്ഞു കൊടുക്കാത്തതിനാലാണ് ഷെരീഫിനെ കൊലപ്പെടുത്തിയത്.