തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ മൂന്നു പേര്‍ പിടിയില്‍. ഭര്‍ത്താവ് നൗഫല്‍, ഭര്‍ത്താവിന്‍റെ അച്ഛന്‍ സജിം, ഭര്‍തൃ മാതാവ് സുനിത എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാന്നായിരുന്നു ഷഹാന ആത്മഹത്യ ചെയ്തത്. ഷഹാനയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതികളായ ഭര്‍ത്താവ് നൗഫലും ഭര്‍തൃ മാതാവും ഒരു മാസമായി ഒളിവിലായിരുന്നു. അതിനിടെ പ്രതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയെന്നും ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

ഷഹാനയെ ആശുപത്രിയില്‍ വെച്ച് വരെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബത്തിന്‍റെ പരാതിയില്‍ തിരുവല്ലം പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2020ലായിരുന്നു ഷഹാനയുടെയും നൗഫലിന്‍റെയും വിവാഹം നടന്നത്. പിന്നീട് ഷഹാനയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്‍റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പരിഹസിക്കുകയും പരിഹാസം പിന്നെ പീഡനമായി മാറുകയുമായിരുന്നു. തുടര്‍ന്ന് ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്.

Comments (0)
Add Comment