ഡോ.ഷഹനയുടെ ആത്മഹത്യയില്‍ റുവൈസിന് ജാമ്യം; നടപടി തുടര്‍പഠനം പരിഗണിച്ച്

Jaihind Webdesk
Friday, December 22, 2023


ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ തുടര്‍പഠനം പരിഗണിച്ചാണ് നടപടി. എന്നാല്‍ റുവൈസിനെതിരായ ആരോപണം ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. ജാമ്യം നല്‍കിയ ഉത്തരവ് തീരുമാനത്തെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ജയിലില്‍ കഴിഞ്ഞാല്‍ പഠനം മുടങ്ങുമെന്നും, ആത്മഹത്യക്ക് കാരണം താനല്ലെന്നുമാണ് റുവൈസിന്റെ വാദം. ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിനറിയാമായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പ് അടക്കം പരിശോധിച്ച് കോടതി നിരീക്ഷിച്ചിരുന്നു. ഷഹനയുടെ വീട്ടില്‍ റുവൈസിന്റെ കുടുംബം എത്തിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച നടന്നതിന് സാക്ഷികളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.