വടകരപ്പോരില്‍ ജയിച്ചുയര്‍ന്ന് ഷാഫി; വ്യാജപ്രചാരണങ്ങളെ അതിജീവിച്ച ജയത്തിന് പൊന്നിന്‍ തിളക്കം

Jaihind Webdesk
Tuesday, June 4, 2024

 

വടകര: തികച്ചും ഏകപക്ഷീയമായിരുന്നു വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വിജയം. കേരളം ഒന്നടങ്കം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. മുന്നണികള്‍ തമ്മില്‍ കടുത്ത മത്സരം കാഴ്ച വെച്ച മണ്ഡലവും വടകര തന്നെ. ഇത്തരത്തില്‍ ഒരുപാട് സവിശേഷധകള്‍ ഉണ്ട് വടകരയ്ക്ക്. കേരളത്തിലെ പോര് കടുപ്പമേറിയതാക്കിയത് ഷാഫിയുടെ വടകരയിലേക്കുള്ള ഇറക്കമാണ്. ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ട് കെ.കെ. ഷൈലജയെ സ്ഥാനാര്‍ത്ഥിയാക്കി നടത്തിയ നീക്കങ്ങളാകെ വടകരയിലെ ഷാഫിയുടെ സ്ഥാനാര്‍ഥിത്വംകൊണ്ട് കോണ്‍ഗ്രസ് നിഷ്പ്രഭമാക്കി. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞില്ല. ഒരുലക്ഷത്തിലേറെ വോട്ടിന്‍റെ ആധികാരികമായ വിജയമാണ് ഷാഫി വടകരയില്‍ നേടിയത്.

കേരളത്തില്‍ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു വടകര. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാഫിയെ തിരഞ്ഞെടുത്തപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം തിരഞ്ഞെടുത്തത് കെ.കെ. ശൈലജയെ ആയിരുന്നു. ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായ വടകരയില്‍ ആ വോട്ടുകളില്‍ കണ്ണുവെച്ചായിരുന്ന കെ.കെ. ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചത്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ശൈലജയ്ക്കുള്ള സ്വീകാര്യതയും ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നുകൊണ്ടുള്ള പ്രവര്‍ത്തനംകൊണ്ട് നേടിയ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചു.

എന്നാല്‍ അതിന് വിപരീതമായിരുന്നു വടകരയില്‍ നടന്നത്. വോട്ടര്‍മാരുടെ മനസില്‍ ഉണ്ടായിരുന്നത് തങ്ങളുടെ പ്രിയ നേതാവ് ഷാഫിയുടെ ചിത്രമായിരുന്നു. കേരളത്തില്‍ സംഘപരിവാര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ ഒന്നായിരുന്നു പാലക്കാട്. അത്തരത്തില്‍ ഒരു മണ്ഡലത്തില്‍ ഭൂരിപക്ഷ പ്രീതിനേടി മൂന്നുതവണ വിജയിച്ച സ്ഥാനാര്‍ത്ഥിയെന്ന നിലയിലും പൊതു പ്രതിച്ഛായയുടെ പേരിലും ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുങ്ങി നില്‍ക്കുന്ന പേരായിരുന്നില്ല ഷാഫി പറമ്പിലിന്‍റേത്. ഒരു പക്ഷെ ഷാഫിയെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി വടകരയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ പാലക്കാടുകാര്‍ ഷാഫിക്ക് നല്‍കിയ യാത്രയയപ്പിന്‍റെ ദൃശ്യങ്ങളും വടകരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചെന്നുവേണം കരുതാന്‍.

കണ്ണൂരിലോ ആലപ്പുഴയിലോ മുസ്‌ലിം ന്യൂനപക്ഷത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കിയേക്കുമെന്ന് പ്രതീക്ഷിച്ച എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു വടകരയിലെ ഷാഫി പറമ്പിലിന്‍റെ സ്ഥാനാര്‍ഥിത്വം. യുഡിഎഫ് പട്ടികയിലെ ഏക പുതുസ്ഥാനാര്‍ത്ഥി എന്ന നിലയിലും ഷാഫി വേറിട്ടു നിന്നു. ഇതിന്‍റെ പ്രതിഫലനമായിരുന്നു വടകരയില്‍ ഷാഫി വന്നിറങ്ങിയ ദിവസംമുതല്‍ യുഡിഎഫ് പ്രചാരണങ്ങളില്‍ വന്നുകൂടിയ ആള്‍ക്കൂട്ടം. 2019-ല്‍ പി. ജയരാജനെ മലര്‍ത്തിയടിക്കാന്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കമായിരുന്നു വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ. മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിച്ചത്. അന്ന് മികച്ച ഭൂരിപക്ഷം നേടാന്‍ മുരളീധരന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഷാഫി നേടിയത് ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷമാണ്. വടകരയ്ക്ക് ആവശ്യമുണ്ടായിരുന്നത് ശൈലജ ടീച്ചറെ ആയിരുന്നില്ല മറിച്ച് തങ്ങളുടെ സ്വന്തം ഷാഫി ഇക്കയെ ആയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍റെ അരും കൊലയുടെ ഓര്‍മ്മകളും ആര്‍എംപിയുടെയും  മുസ്‌ലിം ലീഗിന്‍റെയും കൂട്ടായ പിന്തുണയും ഷാഫിയുടെ ഭൂരിപക്ഷം ലക്ഷം കടത്തി. ഇനി ഷാഫി പറമ്പില്‍ കേരളത്തിനു വേണ്ടി ഡല്‍ഹിയില്‍ ശബ്ദമുയര്‍ത്തും.