ഡി.വൈ.എഫ്.ഐ അഴിഞ്ഞാടുന്നു, പൊലീസ് നോക്കുകുത്തി ; നിങ്ങളുടെ പാർട്ടിയുടെ ശീലം വെച്ച് ഞങ്ങളെ അളക്കരുത് : മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ | Video

Jaihind News Bureau
Tuesday, September 1, 2020

 

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്‌.ഐയുടെ ക്വട്ടേഷൻ സംഘം അഴിഞ്ഞാടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കൾക്കും എതിരായ സംഘടിതമായ ആക്രമണങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. അഴിമതി ഭരണം കൊണ്ട് കേരളത്തെ നാണംകെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍.

സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവിധ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അവസരമായി വെഞ്ഞാറമൂട് കൊലപാതകത്തെ സി.പി.എം മാറ്റുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഇല്ലാത്ത കാര്യങ്ങൾ പടച്ചുണ്ടാക്കാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കൊലപാതകി ആരായാലും ശിക്ഷ ലഭിക്കണം. പ്രതികളെ സംരക്ഷിക്കുകയോ പ്രതികൾക്ക് വേണ്ടി സൗകര്യമൊരുക്കുകയോ ചെയ്യുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്. സ്വന്തം  പാർട്ടിയുടെ ശീലം വെച്ച് കോൺഗ്രസിനെ അളക്കാൻ ശ്രമിക്കരുതെന്നും ഷാഫി പറമ്പിൽ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.

ദേശീയ അന്വേഷണ ഏജൻസി സെക്രട്ടേറിയറ്റിന് അകത്തുവരെ എത്തിയ സാഹചര്യത്തിൽ പിണറായി വിജയന് മുഖ്യമന്ത്രിപദത്തിൽ തുടരാൻ അർഹതയില്ല.  സ്വപ്‌നമാരെ എല്ലാ ചട്ടങ്ങളും മറികടന്ന് പിന്തുണച്ചവർ, യോഗ്യതയുള്ള അനുവിനെപ്പോലെയുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർ കേരള ജനതയെ ഒട്ടാകെ അപമാനത്തിലാക്കി. അഴിമതി ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടിമിന്നലും തീ കൊണ്ടും ഒന്നും സാധിക്കില്ലെന്നും ജനങ്ങളുടെ പ്രതിഷേധാഗ്നി സർക്കാരിനെ ചാമ്പലാക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

https://www.youtube.com/watch?v=A5Xcc4Tr77M