‘ഈ ആവേശം വാളയാറിലും പാലത്തായിയിലും ഒന്നും കണ്ടില്ല’ ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ പൊലീസ് അതിക്രമത്തിനെതിരെ ഷാഫി പറമ്പില്‍

Jaihind News Bureau
Friday, September 11, 2020

 

കാസര്‍ഗോഡ് എസ്.പി ഓഫീസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുന്നവരുടെ ആവേശം വാളയാറിലും പാലത്തായിയിലും ഒന്നും കണ്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസിന് ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഹൈക്കോടതി വിധി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞദിവസം കാസര്‍ഗോഡ് എസ്.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാർച്ചിനിടെ യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോമോന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു.