ചെയ്യാത്ത കാര്യങ്ങള്‍ക്ക് ആരോപണം; മാപ്പ് പറയണം, കെ.കെ ശെെലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്

Jaihind Webdesk
Monday, April 22, 2024

കോഴിക്കോട് : അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തിൽ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച്  യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് താന്‍ ആക്ഷേപം കേട്ടത്.  സംഭവത്തില്‍ 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാഫി പറമ്പിലിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. വീഡിയോ ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് കെകെ ശൈലജ വിഷയത്തില്‍ വ്യക്തത വരുത്തി. ഇതേത്തുടർന്നാണ് ഷാഫി പറമ്പില്‍ കെ.കെ ശൈലജയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.