‘ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചു’; ബിജെപിക്ക് ചിലയിടങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തിന് സിപിഎം മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ എം.പി

Jaihind News Bureau
Saturday, December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നടന്നത്. സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലായിടങ്ങളിലും യുഡിഎഫിനു മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാള്‍ ശക്തി ജനങ്ങള്‍ക്കാണ് എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനമാണ് യുഡിഎഫിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് വിജയത്തില്‍ നേതൃപരമായ പങ്കു വഹിച്ചു. പ്രതിപക്ഷ നേതാവിന്റെ കഠിനാധ്വാനം ഗുണമായി. മുസ്ലിം ലീഗ് അതിശക്തമായി വിജയത്തിന് ഇന്ധനം പകര്‍ന്നു. കോഴിക്കോട് സിപിഎമ്മിനു ജനങ്ങള്‍ നല്‍കിയ നിരുപാധിക പിന്തുണക്ക് തിരിച്ചൊന്നും നല്‍കിയില്ല. അതിനുള്ള മറുപടി കൂടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

വടകരയിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വടകരയില്‍ ചരിത്ര മുന്നേറ്റമുണ്ടായി. സിപിഎമ്മിന്റെ കുത്തക പഞ്ചായത്തുകളില്‍ ചരിത്ര വിജയം നല്‍കി.
വീക്ക് ആയ സ്ഥലങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കി. ടിപിയുടെ ഘാതകരെ തുറന്നു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ കൂടിയുള്ള വിധിയെഴുത്താണിത്. ബിജെപിക്ക് കേരളത്തിലുണ്ടായ നേട്ടത്തിന് നന്ദി പറയേണ്ടത് പിണറായി വിജയനോടാണ്. നരേന്ദ്ര മോദിയോടല്ലെന്നും അദ്ദേഹം പരിഹസിച്ചു.

വിജയത്തോളം പോന്ന റിസള്‍ട്ട് കോര്‍പ്പറേഷനിലുണ്ടായി. മറ്റേതെങ്കിലും പ്രസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടി ഈ വിജയത്തെ കാണാനാകില്ല. ശബരിമല പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണ്. ശബരിമലയിലെ അമ്പലകള്ളന്മാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞവരില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ഔദാര്യം കൊടുത്ത പോലെയുള്ള പ്രതികരണമാണ് എം എം മാണിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആരുടെയും തറവാട്് സ്വത്തില്‍ നിന്നല്ല ക്ഷേമ പെന്‍ഷന്‍ കൊടുത്തത്. അധികാരം തലക്കടിച്ച പെരുമാറ്റം ആണ് ഉണ്ടാകുന്നത്. വാങ്ങി ശാപ്പാട് അടിക്കാന്‍ കൊടുത്താല്‍ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ വിലകുറച്ച് കണ്ടു. ബിജെപിക്ക് ചിലയിടങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തിന് സിപിഎം മറുപടി പറയണം. ബിജെപിക്ക് വേണ്ടി സിപിഎം സീറ്റ് വെട്ടിമുറിച്ച് കൊടുത്തുവെന്നും അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

ബിജെപി വളര്‍ച്ചക്ക് സിപിഎം സഹായം ചെയ്തു. ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ അവര്‍ മുന്‍പ് എടുത്ത നിലപാട് ജനങ്ങള്‍ മറന്നിട്ടില്ല. പദവിക്ക് നിരക്കാത്ത പ്രസ്താവന മുഖ്യമന്ത്രി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.