വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് നിര്‍ത്തലാക്കുവാനുള്ള റെയില്‍വേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ യോഗത്തിലും വടകര റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടന വേളയിലും, വെള്ളറക്കാട് ഉള്‍പ്പെടെയുള്ള ചെറിയ സ്റ്റേഷനുകളില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയ റെയില്‍വേ അധികാരികള്‍ സ്റ്റേഷന്‍ തന്നെ അടച്ചു പൂട്ടുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിന് ശേഷം വരുമാനം കുറഞ്ഞു എന്ന മുടന്തന്‍ ന്യായം പറഞ്ഞു സ്റ്റേഷനുകള്‍ അടച്ചു പൂട്ടുവാനുള്ള റയില്‍വേയുടെ നീക്കം ജനവിരുദ്ധവും സംശയാസ്പദവുമാണ്. കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെ യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടരണമെന്ന് എം പി ആവശ്യപ്പെട്ടു.