വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Thursday, April 4, 2024

 

കോഴിക്കോട് : വടകര പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെ.കെ. രമ എംഎല്‍എ, അച്ചു ഉമ്മൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത വനിതാറാലി പ്രകടനത്തോടെ എത്തിയാണ് ഷാഫി പറമ്പില്‍ പത്രിക സമർപ്പിച്ചത്.  ‘വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം’ എന്ന ബാനറും ഏന്തിയായിരുന്നു പ്രകടനം.

വടകര റവന്യൂ ഡിവിഷണൽ ഓഫീസർ പി. അൻവറിന് മുമ്പാകെയാണ് ഷാഫി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വനിതാ റാലിയുടെ അകമ്പടിയോടെയാണ് ഷാഫി പഴയ ബസ്റ്റാൻഡ് പരിസരത്തെ ആർഡി ഓഫീസിലേക്ക് എത്തിച്ചേർന്നത്. നോമിനേഷന് മുന്നോടിയായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന മഹിളാ യോഗം കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. അച്ചു ഉമ്മൻ ഉൾപ്പെടെയുള്ളവർ റോഡ് ഷോയിൽ പങ്കെടുത്തു. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ജനങ്ങൾക്കിടയിലെ വർഗീയ ചിന്തകൾ ഷാഫി തുടച്ചുമാറ്റുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

വടകരയുടെ മതേതര ചിന്തകളെ തേടിയാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഒന്നല്ല ഒരായിരം തിരഞ്ഞെടുപ്പിൽ തോൽക്കേണ്ടി വന്നാലും തികഞ്ഞ മതേതര ബോധങ്ങളിൽ ഉറച്ച് പോരാനാണ് തന്‍റെ രാഷ്ട്രീയവും തന്‍റെ പ്രസ്ഥാനവും പഠിപ്പിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. വടകരയിലെ ജനങ്ങള്‍ ഷാഫിക്ക് വന്‍ വരവേല്‍പ്പാണ് നല്‍കുന്നത്. വടകരയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ ഷാഫിക്ക് നല്‍കുന്ന സ്വീകാര്യതയിലൂടെ വ്യക്തമാകുന്നത്.