‘ഇത്രയും മലയാളികൾ വിദേശത്ത് മരിച്ചു വീണിട്ട് ഒരു വാക്ക് പറഞ്ഞോ ? എന്തെങ്കിലും സഹായം പ്രഖ്യാപിച്ചോ?’; മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍

Jaihind News Bureau
Wednesday, May 27, 2020

 

വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്‍റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.

‘പാവപ്പെട്ട പ്രവാസി സ്വന്തം ചെലവ് വഹിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി. ‘പാവപ്പെട്ട കൊലയാളിയുടെ’ വക്കീൽ ഫീസ് ഇനിയും വഹിക്കുമെന്ന് നിയമസഭയിൽ വെല്ലുവിളിക്കുന്നതും നാം കണ്ടു. എന്നിട്ടും പാവപ്പെട്ട പ്രവാസിയോടുള്ള സമീപനം എന്താണെന്ന് ഇന്ന് കണ്ടു. ഈ തീരുമാനം സർക്കാർ പിൻവലിക്കണം. എല്ലാം നഷ്ടപെട്ട് വരുന്നവരെ ചേർത്ത് പിടിക്കണം. ഇത്രയും പ്രവാസി മലയാളികൾ വിദേശ മണ്ണിൽ മരിച്ച് വീണിട്ട് ഒരു വാക്ക് അങ്ങ് അതേ പറ്റി പറഞ്ഞോ..? എന്തെങ്കിലും ഒരു സഹായം അവരുടെ കുടംബത്തിന് പ്രഖ്യാപിച്ചോ?’ ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇത് മനുഷ്യത്വ രഹിത നിലപാടാണ് മുഖ്യമന്ത്രി.
കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞത് ഇതേ നാവ് കൊണ്ട്, ഇത് പോലെ ഒരു പത്ര സമ്മേളനത്തിലായിരുന്നു എന്നെങ്കിലും ഓർമ്മ വേണമായിരുന്നു.

കേറി വാടാ മക്കളെ എന്നും പറഞ്ഞ് കടപ്പുറത്ത് പുറം തിരിഞ്ഞ് നിക്കുന്ന ചിത്രം വരച്ചത് ഫെയ്സ് ബുക്കിലിട്ട് ആഘോഷിക്കുമ്പോഴും എല്ലാം നഷ്ടപെട്ട് തിരിച്ച് വരുന്നവന് പോലും ഒരു രൂപ ടിക്കറ്റ് കാശിന് കൊടുത്തില്ല.

എങ്ങിനെയെങ്കിലും കൂടയണം എന്നാഗ്രഹിച്ച്, ഇവിടെ ഒരുക്കിയ രണ്ടര ലക്ഷം ബാത്ത് അറ്റാച്ച്ഡ് ബെഡ് സ്പേസുകളിൽ ഒന്നെങ്കിലും തൻ്റെ നാട് തരുമായിരിക്കും എന്ന് കരുതിയ ഏറ്റവും പാവപ്പെട്ടവൻ്റെയെങ്കിലും, അവൻ്റെ കയ്യിൽ സ്വന്തം ജീവനല്ലാതെ മറ്റൊന്നുമില്ലെങ്കിൽ, സർക്കാർ കേന്ദ്രങ്ങളിലെ ഒരാഴ്ചത്തെ ക്വാറൻ്റൈൻ ചിലവ് നമുക്ക് വഹിക്കാമായിരുന്നു.

എല്ലാവരുടേതുമില്ലെങ്കിലും മറ്റൊരു വഴിയുമില്ലാത്തവൻ്റെയെങ്കിലും.

ഇന്നിറക്കിയ ഉത്തരവിൽ പോലും നാം മുന്നോട്ടെന്ന ഇമേജ് ബിൽഡിംഗ് ഷോക്ക് കൊടുക്കാൻ കോടികൾ നീക്കി വെക്കുന്നത് കാണന്നുണ്ട് പ്രവാസികൾ.
ലോക കേരള സഭക്ക് ഹാള് നേരാക്കാൻ 15 കോടി ചിലവിട്ടതും അവര് കണ്ടു.
പാവപ്പെട്ട പ്രവാസി സ്വന്തം ചിലവ് വഹിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി
‘പാവപ്പെട്ട കൊലയാളിയുടെ’ വക്കീൽ ഫീസ് ഇനിയും വഹിക്കുമെന്ന് നിയമസഭയിൽ വെല്ലുവിളിക്കുന്നതും നാം കണ്ടു.

എന്നിട്ടും പാവപ്പെട്ട പ്രവാസിയോടുള്ള സമീപനം എന്താണെന്ന് ഇന്ന് കണ്ടു.
#ഈതീരുമാനം_സർക്കാർ_പിൻവലിക്കണം. എല്ലാം നഷ്ടപെട്ട് വരുന്നവരെ ചേർത്ത് പിടിക്കണം .

ഇത്രയും പ്രവാസി മലയാളികൾ വിദേശ മണ്ണിൽ മരിച്ച് വീണിട്ട് ഒരു വാക്ക് അങ്ങ് അതേ പറ്റി പറഞ്ഞോ ? എന്തെങ്കിലും ഒരു സഹായം അവരുടെ കുടംബത്തിന് പ്രഖ്യാപിച്ചോ?

താഴെയുള്ള തള്ളുകൾ ചുമ്മാ ഒന്ന് ഓർമ്മപ്പെടുത്തുന്നു.

“എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും ,അവർ ഇപ്പോൾ ഒരു സ്ഥലത്തായത് കൊണ്ട് അവർക്കിങ്ങോട്ട് വരാൻ അവകാശമില്ലെന്ന് ആരും കരുതരുത് .നമ്മൾ ബസ്സിൽ കയറിയ ശേഷം പിന്നെ വേറെ ആരും കയറരുത് എന്ന് പറയുന്ന പോലെ ആകരുത് .ജീവിത മാർഗം തേടി നാട്ടിൽ നിന്ന് പുറത്ത് പോയവരാണ് അവർക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട് . എത്ര പ്രവാസികൾ തിരികെ വന്നാലും അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ് .അതിനെല്ലാമുള്ള സജ്ജീകരണങ്ങൾ ഒരുക്കും ,പ്രവാസികൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കും ”