കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

Jaihind Webdesk
Tuesday, April 23, 2024

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്‌ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകി. ഇരുവരും തനിക്കെതിരെ വ്യാജ പ്രസ്താവനകൾ നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. ഗൂഢാലോചനയുണ്ടെന്നും ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കണമെന്നും ഷാഫി പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ വീഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും പരാതിയില്‍ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 16-നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.കെ. ശൈലജ ആരോപണം ഉന്നയിച്ചത്. തന്‍റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫിയും അനുയായികളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും ശൈലജ ആരോപിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടതോടെ അത്തരം ഒരു വീഡിയോ ഇല്ലെന്നും ശൈലജ തിരുത്തി. അതിനിടെ കെ.കെ. ശൈലജ ഷാഫിക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചു. നവമാധ്യമങ്ങളിലെ അധിക്ഷേപ പോസ്റ്റുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശൈലജ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.