ആദ്യ ലോകകപ്പ് പതിനാറാം വയസിൽ. ഭയമേതുമില്ലാതെ ബാറ്റ് വീശാനുള്ള ചങ്കൂറ്റം. ടൂർണമെന്റിലെ ആദ്യ മൂന്ന് കളികൾ പിന്നിടുമ്പോൾ തന്നെ റെക്കോർഡ്. ട്വന്റി20 ലോകകപ്പിലെ ആദ്യ മൂന്ന് കളിയിൽ നിന്ന് 114 റൺസ് ആണ് ഷെഫാലി നേടിയത്. 114 റൺസ് ഇത്രയും മത്സരങ്ങളിൽ നിന്ന് ഇത്രയും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ വനിതാ ട്വന്റി20 ലോകകപ്പിൽ നേടുന്ന ആദ്യ താരമാണ് ഷെഫാലി.
യഥേഷ്ടം ബൗണ്ടറി കണ്ടെത്തുന്നതിലെ മികവ് തുടർച്ചയായ മൂന്നാം മത്സരത്തിലും ഷെഫാലി പുറത്തെടുത്തു. ഷെഫാലിയുടെ 34 പന്തുകൾ നേരിട്ട് 46 റൺസ് കണ്ടെത്തിയ ഇന്നിങ്സിൽ വന്നത് നാല് ഫോറും മൂന്ന് സിക്സും. സ്ട്രൈക്ക് റേറ്റ് 135.29. ഓസ്ട്രേലിയക്കെതിരായ കളിയിൽ ഷെഫാലിയുടെ ബാറ്റിൽ നിന്ന് വന്നത് അഞ്ച് ഫോറും ഒരു സിക്സും. 193.33 ആയിരുന്നു അവിടെ സ്ട്രൈക്ക് റേറ്റ്. ബംഗ്ലാദേശിനെതിരെ ഷഫാലിയുടെ ബാറ്റിൽ നിന്ന് വന്നത് രണ്ട് ഫോറും നാല് സിക്സും. സ്ട്രൈക്ക് റേറ്റ് 229.41.
ബംഗ്ലാദേശിനെതിരെ 17 പന്തിൽ 39 റൺസ് അടിച്ചെടുത്ത ഷെഫാലിയായിരുന്നു കളിയിലെ താരം. പവർപ്ലേയിലെ ഷെഫാലിയുടെ സ്ട്രൈക്കുകളാണ് ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകുന്നത്. പരിചയ സമ്പത്ത് കൂടി ചേരുമ്പോൾ ഷെഫാലി വർമ ഇന്ത്യയെ തോളിലേറ്റുന്ന നാളുകൾ വിദൂരമല്ലെന്ന് വ്യക്തം.