ഷബ്‌നയുടെ മരണം; പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍

Tuesday, December 12, 2023

കോഴിക്കോട്:  ഗാർഹിക പീഡനത്തെ തുടർന്ന്  ഓർക്കാട്ടേരിയിൽ ആത്മഹത്യ ചെയ്ത ഷബ്‌നയുടെ മരണത്തിൽ പോലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. ഷബ്‌നയുടെ ബന്ധുക്കൾ കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ടിനെ നേരിട്ട് കണ്ട് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേർത്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വനിതാ കമ്മീഷന്‍റെ ആവശ്യം.

നിലവിൽ ചേർത്തിരിക്കുന്ന വകുപ്പ് എളുപ്പം ജാമ്യം ലഭിക്കാവുന്നതാണ്. നിലവിലെ അന്വേഷണത്തിന്‍റെ പുരോഗതിയും വനിതാ കമ്മീഷൻ പോലീസിൽ നിന്നും തേടിയിട്ടുണ്ട്. അഞ്ചുപേർക്കെതിരെ ഗാർഹിക പീഡനത്തിന്‍റെ തെളിവുകൾ സഹിതം ഷബ്‌നയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. അമ്മാവൻ ഹനീഫയെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആരോപണ വിധേയരായ മറ്റുള്ളവർ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്ന സൂചന. ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.