എക്‌സാലോജിക്കിന് പണം നല്‍കിയ കമ്പനികള്‍ക്ക് എസ്എഫ്‌ഐഒ നോട്ടിസ്; രേഖകള്‍ 15ന് അകം ഹാജരാക്കണം

Jaihind Webdesk
Thursday, March 14, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടിസ് നല്‍കി. ഇടപാടുകളുടെ മുഴുവന്‍ രേഖകളും 15ന് അകം ചെന്നൈ ഓഫീസില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു. നിര്‍ദേശം പാലിക്കാതിരുന്നാല്‍ നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

എക്‌സാലോജിക് സൊലൂഷന്‍സും കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജികളില്‍ അന്വേഷണം നടക്കട്ടെ എന്ന കോടതികളുടെ നിലപാടിനെ തുടര്‍ന്നാണ് എസ്എഫ്‌ഐഒ കൂടുതല്‍ നടപടിയിലേക്ക് കടന്നത്. കേരളത്തില്‍ മാത്രം 12 സ്ഥാപനങ്ങള്‍ക്കാണ് എസ്എഫ്‌ഐഒ നോട്ടീസ് ലഭിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി എക്‌സാലോജിക്കിന്‍റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്. എക്‌സാലോജിക്കുമായി നടത്തിയ ഇടപാടിനെ കുറിച്ചാണ് നോട്ടിസില്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

ഉല്‍പന്നമോ സേവനമോ നല്‍കിയതിന് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറിന്‍റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയ്‌സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്പനികളില്‍നിന്നു രേഖകള്‍ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് പ്രകാരമാണ് എസ്എഫ്‌ഐഒ ചെന്നൈ ഓഫീസിലെ കെ.പ്രഭു നോട്ടീസ് അയച്ചത്. 2016,17 മുതലാണ് എക്‌സാലോജിക്കിനു കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണ് പണം നല്‍കിയതെന്നാണ് സിഎംആര്‍എല്ലും എക്‌സാലോജിക്കും വാദിക്കുന്നത്. ഈ കാലയളവില്‍ എക്‌സാലോജിക്കുമായി പത്തിലധികം സ്ഥാപനങ്ങള്‍ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. മുന്‍പ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.