എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണം; എക്‌സാലോജിക് ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്

Friday, February 9, 2024

തിരുവനന്തപുരം: മാസപ്പടി  കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്എഫ്‌ഐഒ അന്വേഷണം തന്നെ റദ്ദാക്കണമെന്ന് ഹര്‍ജിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി ആവശ്യപ്പെടുന്നു. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

വീണാ വിജയനെ എസ്എഫ്‌ഐഒ  ചോദ്യം ചെയ്യാനിരിക്കെയാണ് എക്‌സാലോജിക്ക് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്.  എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. കേസ് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. തുടർന്ന് സിഎംആര്‍എല്‍ ഓഫീസിലും കെഎസ്‌ഐഡിസിയുടെ ഓഫീസിലുമെത്തിയ സംഘം അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.