മാരക മയക്കുമരുന്നുകളുമായി കൊല്ലത്ത് സിപിഎം പ്രവർത്തകന്‍ പിടിയില്‍

Jaihind Webdesk
Friday, September 16, 2022

കൊല്ലം: അതിമാരക മയക്കുമരുന്നുകളുമായി കടമ്പനാട്ട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എക്സൈസ് പിടിയില്‍. 875 മില്ലി ഗ്രാം എംഡിഎംഎയും 50 നൈട്രാസെപാം ഗുളികകളും ആയി കഴിഞ്ഞ ദിവസമാണ് കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് മലവാതില്‍ ശ്രൂമൂലം വീട്ടില്‍ ആകാശ് ഉദയനെ എക്സൈസ് പിടികൂടിയത്. പ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലെ പ്രധാന കണ്ണി ഇയാളാണെന്നാണ് വിവരം.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാറിന്‍റെ നേതൃത്വത്തിൽ കടമ്പനാട് വെച്ച് നടത്തിയ പരിശോധനയിലാണ് 875 മില്ലി ഗ്രാം എംഡിഎംഎയും 50 നൈട്രാസെപം ഗുളികകളുമായി ആകാശ് ഉദയനെ അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണെന്ന് ഫേസ്ബുക്ക് പ്രൊഫൈല്‍ വ്യക്തമാക്കുന്നു. ഡിവൈഎഫ്ഐക്കും എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്റുകളാണ് ഫേസ്ബുക്കിലുള്ളത്.

രണ്ടാഴ്ച മുമ്പ് പ്രതി മയക്കു മരുന്നുമായി എഴാം മൈൽ ശാസ്താംനട ഭാഗത്ത് എത്തുന്നത് അറിഞ്ഞ എക്സ് സംഘം പരിശോധന നടത്തിയെങ്കിലും അന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളുടെ സംഘത്തില്‍ ഉള്ളവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ശാസ്താംകോട്ട എക്സൈസ് ഇൻസ്പക്ടർ അജയകുമാർ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പക്ടർ സനിൽകുമാർ പ്രത്യേക ഷാഡോ അംഗങ്ങൾ ആയ അനീഷ്, അജയന്‍, ശ്യാംകുമാർ അശ്വന്ത് എസ് സുന്ദരം എന്നിവർ ആണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.