എസ്എഫ്ഐ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ; ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ പിണറായിയുടെ ശ്രമം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, June 24, 2022

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പോലീസിന്‍റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23 ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത എസ്എഫ്ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്‍റെ ഓഫീസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സിപിഎം ലക്ഷ്യമിട്ടത്.

വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്എഫ്ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ബിജെപി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്‍റെ രാഷ്ട്രീയവും സിപിഎം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞുവരികയാണ്. സര്‍ക്കാരിന്‍റെ ഒത്താശയോടെ സിപിഎമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും.