‘എസ്എഫ്ഐ അക്രമം നേതൃത്വത്തിന്‍റെ അറിവോടെ; മുഖ്യമന്ത്രി മറുപടി പറയണം’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Friday, June 24, 2022

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. മണിക്കൂറുകളോളം പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

നാൽപതോളം വരുന്ന എസ്എഫ്ഐ ക്രിമിനലുകൾ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി സ്റ്റാഫുകളെ മർദ്ദിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയുമാണ് ചെയ്തത്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി വന്നതാണ്. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധി കത്തയച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രിയെ പോലും വെറുതെ വിട്ട് രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത് ബഫർ സോണല്ല വിഷയം എന്നത് തന്നെയാണ്.

പോലീസിന്റെ സംരക്ഷണയിലാണ് അക്രമം നടന്നത്. അക്രമം നടന്ന് മണിക്കൂറുകൾക്ക് ശേഷവും അക്രമകാരികളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയാറായില്ലെന്നത് ഇത് വ്യക്തമാക്കുന്നു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അക്രമം നടന്നത്. ഒരു എംപിയുടെ ഓഫീസിൽ അക്രമകാരികൾ അഴിഞ്ഞാടുമ്പോൾ പോലീസ് നോക്കിനിൽക്കുകയാണോ വേണ്ടത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതിന് മറുപടി പറയണം.

സിപിഎമ്മിന്റേത് കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാനുള്ള നടപടിയാണ്. മുഖ്യമന്ത്രിക്കും കേരളത്തിലെ സിപിഎമ്മിനും മോദിയെ സുഖിപ്പിക്കേണ്ട ആവശ്യമുണ്ട്. പല കാര്യങ്ങളിലും കേന്ദ്രവും കേരളത്തിലെ സിപിഎമ്മുമായി ധാരണയുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ സമരം നടത്തിയത് മോദിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നതിൽ സംശയമില്ല. സീതാറാം യെച്ചൂരി കൂടി അറിഞ്ഞാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ തയാറാകുമോ എന്ന് വ്യക്തമാക്കണം. അക്രമത്തിനെതിരെ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു.