എംജി സർവകലാശാല സെനറ്റ്-സ്റ്റുഡന്‍റസ് കൗൺസിൽ തിരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു സ്ഥാനാർത്ഥികള്‍ക്ക് ക്രൂര മർദ്ദനം

Jaihind Webdesk
Thursday, August 8, 2024

 

കോട്ടയം: എംജി സർവകലാശാല സെനറ്റ്-സ്റ്റുഡന്‍റസ് കൗൺസിൽ തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ അതിക്രമം. കെഎസ്‌യു സ്ഥാനാർത്ഥികളെഎസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു. പോളിംഗ് സമയം കഴിഞ്ഞ് എസ്‌എഫ്ഐ പ്രവർത്തകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചു കയറുകയത് തടയാൻ ശ്രമിച്ച കെഎസ്‌യു സ്ഥാനാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എസ്എഫ്ഐ ആക്രമണത്തില്‍ പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സെനറ്റിലേക്ക് മത്സരിക്കുന്ന കെഎസ്‌യു സംസ്ഥാന ഭാരവാഹി പ്രിയ സി.പി., വിഷ്ണു പ്രസാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്‍റെ പേരിലും കള്ള വോട്ട് തടയാൻ ശ്രമിച്ചതിന്‍റെ പേരിലുമാണ് എസ്എഫ്ഐ ആക്രമണം.  പോളിംഗ് ബൂത്തിനു മുന്നിൽ വെച്ച് യാതൊരു പ്രകോപനവും കൂടാതെ ഇവരെ മർദ്ദിക്കുകയായിരുന്നു.

പോളിംഗ് സുതാര്യമാക്കണമെന്നും സ്ഥാനാർത്ഥികൾക്ക് സംരക്ഷണം നൽകണമെന്നുമുള്ള കോടതി വിധി നിലനിൽക്കെയാണ് എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. എസ്എഫ്ഐ പ്രവർത്തകർക്ക് കള്ളവോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുകയാണെന്ന് എംജി സർവകലാശാലയുടെ ചുമതലയുള്ള കെഎസ്‌യു സംസ്ഥാന കൺവീനർ ആഘോഷ് വി. സുരേഷ്, ജനറല്‍ സെക്രട്ടറി അൽ അമീൻ അഷ്റഫും എന്നിവർ പ്രതികരിച്ചു.