വീണ്ടും എസ്എഫ്ഐ അതിക്രമം; പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Jaihind Webdesk
Sunday, December 15, 2024

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ വീണ്ടും എസ്എഫ്ഐ അതിക്രമം.  എസ്എഫ്ഐ പ്രവർത്തകർ
വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി . കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാർ സംഘം ചേർന്ന് മർദ്ദിച്ച ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി മുഹമ്മദ് അനസിനൊപ്പം നിൽക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. ലക്ഷദ്വീപ് പീച്ച്മാൽ സ്വദേശിയും ഇസ്ലാമിക്ക് ഹിസ്റ്ററി രണ്ടാംവ‌ർഷ വിദ്യാർത്ഥിയുമായ മുഹമ്മദ് ഫയാസിനെയാണ് മർദ്ദിച്ചത്.

ക്രൂരമായ മർദ്ദനത്തിൽ ഫയാസിന്‍റെ ചെവിക്ക് ഗുരുതര പരിക്കുണ്ട്. കൂടാതെ വയറ്റിലേറ്റ ചവിട്ടിൽ ക്ഷതവും സംഭവിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയാസിന്‍റെ പരാതിയില്‍ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.