പ്ലസ് വണ്‍ സീറ്റില്‍ മുഖം രക്ഷിക്കല്‍ സമരത്തിന് എസ്എഫ്ഐ; നാളെ മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച്; നീക്കം സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ

 

മലപ്പുറം: പ്ലസ് വൺ സീറ്റ് ക്ഷാമത്തില്‍ ഒടുവില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി എസ്എഫ്ഐ. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നാളെ മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. മലബാറിൽ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എസ്എഫ്ഐ മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ എസ് എഫ് ഐയുടെ സമരപ്രഖ്യാപനം ആത്മാർത്ഥത ഇല്ലാത്തതാണെന്ന് പ്രതിപക്ഷ വിദ്യാത്ഥി സംഘടനകൾ ആരോപിച്ചു. മുഖംരക്ഷിക്കല്‍ നടപടിയാണെങ്കിലും സർക്കാരിനേയും വിദ്യാഭ്യാസ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നതാണ് എസ്എഫ്ഐയുടെ നീക്കം.

എസ്എഫ്ഐ മലപ്പുറം ജില്ല കമ്മിറ്റിയാണ് മാർച്ച് പ്രഖ്യാപിച്ചത്. നാളെ രാവിലെയാണ് മാർച്ച്. അധിക സീറ്റുകളല്ല, അധികബാച്ച് വേണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. വിദ്യാർത്ഥി പ്രവേശനത്തിൽ പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് എസ്എഫ്ഐ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ മൊത്തം 21,550 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിവുണ്ടെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 14,037 മാത്രമാണെന്നും മന്ത്രി പറയുന്നു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ രാഷ്ട്രീയ പ്രേരിത സമരമാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി ഇന്നലെയും പറഞ്ഞത്. എന്നാൽ എസ്എഫ്ഐയും സമരത്തിനിറങ്ങുന്നതോടെ മന്ത്രിയുടെ ആരോപണത്തിന്‍റെ മുനയൊടിയും.

അതേസമയം എസ്എഫ്ഐയുടെ സമര നീക്കത്തെ സംശയത്തോടെയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ കാണുന്നത്. എസ്എഫ്ഐ നീക്കം പരിഹാസ്യമാണെന്ന് കെഎസ്‌യു ആരോപിച്ചു. കെഎസ്‌യു ഉയർത്തിയ ശക്തമായ സമരപരിപാടികളുടെ ഭാഗമായി സീറ്റുകള്‍ വർധിപ്പിക്കുമെന്ന സാഹചര്യം മുന്നില്‍ കണ്ടുള്ളതാണ് എസ്എഫ്ഐ നീക്കമെന്നും ഇതിനെ വിദ്യാർത്ഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു.

Comments (0)
Add Comment