സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകം ; കണ്ണൂര്‍ സര്‍വകലാശാല സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ

Jaihind Webdesk
Friday, September 10, 2021

കണ്ണൂര്‍  : സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍വകലാശാല സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ. എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെയെന്ന് യൂണിയന്‍ ചെയര്‍മാന്‍. പുസ്തകം പഠിക്കേണ്ടത് വിമര്‍ശനാത്മകമായെന്നും എസ്എഫ്‌ഐ വാദം.

അതേസമയം വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും. വി.സിയെ തടഞ്ഞ്  പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സര്‍വകലാശാലയ്ക്ക് മുന്നിൽ സിലബസ് കത്തിച്ച് കഴിഞ്ഞദിവസം കെ.എസ്.യു പ്രതിഷേധിച്ചിരുന്നു.

സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് നിയമിച്ച എട്ടംഗ സമിതിയാണ് പുതുക്കിയ സിലബസ് തയ്യാറാക്കിയത്. ആർ എസ് എസ് ആചാര്യൻമാരായ വി ഡി സവർക്കർ, എം എസ് ഗോൾവൾക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ദീന ദയാൽ ഉപാദ്യായയുടെയും ലേഖനം സിലബസിലുണ്ട്.