മാര്‍ക്ക് പൂജ്യം, പക്ഷെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ജയിച്ചു! പ്രതിഷേധം കനത്തതോടെ ഫലം തിരുത്തി മഹാരാജാസ് കോളേജ്

Jaihind Webdesk
Tuesday, June 6, 2023

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷ എഴുതാതെ പാസായത് വിവാദത്തില്‍.  ഇന്‍റഗ്രേറ്റഡ് ആർക്കിയോളജി വിഭാഗത്തിലെ വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ പരീക്ഷയെഴുതാതെ വിജയിച്ച മാർക്ക് ലിസ്റ്റാണ് പുറത്തായത്. ഇത് വിവാദമായതോടെ മഹാരാജാസ് കോളേജ് അധികൃതര്‍ ഫലം തിരുത്തി.

മൂന്നാം സെമസ്റ്ററിന്‍റെ മാർക്ക് ലിസ്റ്റിലാണ് തിരിമറി നടന്നിരിക്കുന്നത്. ഇന്‍റേണൽ മാർക്കും എക്സ്ടേണൽ മാർക്കും പൂജ്യമാണെങ്കിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയിൽ വിജയിച്ചതായാണ് മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പരീക്ഷാഫലം പുറത്തുവന്നത്. ഓൺലൈനായി പ്രസിദ്ധീകരിച്ച പരീക്ഷാ ഫലത്തിൽ ഗുരുതര ക്രമക്കേട് നടന്നിട്ടും ഇതുവരെ കോളേജ് അധികൃതർ മൂടിവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വിഷയം പുറത്തായതോടെ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. കോളേജ് അധികൃതരുടെ ഒത്താശയോടെയാണ് മാർക്ക് ലിസ്റ്റിൽ കൃത്രിമം നടന്നതെന്ന് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഫാസിൽ പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. നേരത്തെയും ആർഷോയ്ക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും പുറത്തുവന്നിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആർഷോയെ മഹാരാജാസ് കോളേജിലെ സിപിഎം അനുകൂല അധ്യാപക സംഘടനയിലെ അധ്യാപകരാണ് സംരക്ഷിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. എന്നാൽ സാങ്കേതിക പിഴവാണ് മാർക്ക് ലിസ്റ്റിൽ സംഭവിച്ചതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. എന്നാൽ മാർക്ക് ലിസ്റ്റിൽ തിരിമറി നടത്താൻ കൂട്ടുനിന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് കെഎസ്‌യു തീരുമാനം. അതേസമയം മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. സംഭവം വിവാദമായതോടെ കോളജ് അധികൃതർ മാർക്ക് ലിസ്റ്റ് തിരുത്തിയിട്ടുണ്ട്.