രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും വരവേറ്റ് എസ്എഫ്ഐ സംഘം | VIDEO

Jaihind Webdesk
Wednesday, October 19, 2022

ആഡോണി/ആന്ധ്രാപ്രദേശ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേല്‍ക്കാന്‍ എസ്എഫ്ഐ നേതാക്കളെത്തിയത് യാത്രാവഴിയിലെ വേറിട്ട കാഴ്ചയായി. ആന്ധ്രാപ്രദേശില്‍ പര്യടനം നടത്തുന്ന യാത്ര കർണൂൽ ജില്ലയിലെ ആഡോണിയിൽ എത്തിച്ചേർന്നപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയെയും യാത്രയെയും വരവേല്‍ക്കാനായി എസ്എഫ്ഐ നേതാക്കളുടെ സംഘം കാത്തുനിന്നത്.

എസ്എഫ്‌ഐ ആഡോണി യൂണിറ്റ് സെക്രട്ടറി ശ്രീനിവാസലുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും വരവേൽക്കാനായി എത്തിയത്. ഐക്യസന്ദേശം പകർന്നുള്ള യാത്ര ബിജെപിയുടെ ദുർഭരണത്തിന് ശക്തമായ താക്കീതാണ് നല്‍കുന്നതെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രതികരിച്ചു.

ഇന്നത്തെ യാത്രയുടെ സായാഹ്നപര്യടനത്തിനിടെയാണ് എസ്‌എഫ്ഐ ആഡോണി മേഖലാ സെക്രട്ടറി ശ്രീനിവാസലുവിന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ കാത്തുനിന്നത്. നാടിനെ നശിപ്പിക്കുന്ന ബിജെപി സർക്കാരിനെ എതിർക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമെ കഴിയൂ. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെയും പദയാത്രയെയും സ്വീകരിക്കാനായി  തങ്ങൾ എത്തിച്ചേർന്നതെന്ന് എസ്എഫ്ഐ നേതാക്കള്‍ വ്യക്തമാക്കി.

പദയാത്രയ്ക്ക് മുമ്പേ നടന്നിരുന്ന ഡി ഗീതാകൃഷ്ണൻ, ജി മഞ്ജുക്കുട്ടൻ, കെ.ടി ബെന്നി, അനീഷ്‌ സുകുമാരൻ എന്നീ മലയാളി പദയാത്രികരാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി നില്‍ക്കുന്ന എസ്എഫ്ഐ നേതാക്കളെ കണ്ടത്. നാടിന്‍റെ വികസനത്തെ സംബന്ധിച്ച് തങ്ങൾ രാഹുൽ ഗാന്ധിക്ക്‌ നിവേദനവും നൽകുമെന്നും എസ്എഫ്ഐ സംഘം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. യാത്ര ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളെ ഏവരും നെഞ്ചേറ്റുന്നുവെന്നതിന്‍റെ ഉദാഹരണം കൂടിയായി ഈ സംഭവം.

 

https://www.youtube.com/watch?v=U1TtveTBbmw