കോട്ടയം : എംജി യൂണിവേഴ്സിറ്റിയിൽ സംഘർഷത്തിനിടെഎസ്എഫ്ഐ നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി എഐഎസ്എഫ് വനിതാ നേതാവിന്‍റെ പരാതി. യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള
വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എഐഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി നിമിഷ രാജുവാണ് കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ എറണാകുളം ജില്ലാ നേതാക്കളായ പ്രജിത് കെ ബാബു, അമല്‍ സിഎ, അർഷോ എന്നിവർക്കെതിരെയാണ് പരാതി.
എംജി യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതായാണ് എസ്എഫ്ഐ തങ്ങളെ ആക്രമിച്ചതെന്ന് സംഘർഷത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു. എംജി യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിനെ കാമ്പസിനകത്തുണ്ടായ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിനിടെ അപമാനിച്ചതായാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്നതും കേട്ടാലറയ്ക്കുന്നതുമായ പരാമർശങ്ങള്‍ എസ്എഫ്ഐ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാക്കള്‍ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചതായും യുവതി പറയുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസുകാരടക്കം കാമ്പസിലുള്ളപ്പോഴായിരുന്നു ആക്രമണം.സംഘര്‍ഷത്തില്‍ പരാതിക്കാരിയായ യുവതി ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. അതേസമയം, എസ്എഫ്‌ഐക്ക് വേണ്ടി യൂണിവേഴ്‌സിറ്റി അധികൃതര്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചെന്ന ആരോപണമുയര്‍ത്തി കെഎസ് യു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.