പ്രായപൂര്‍ത്തിയാകാത്ത പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍

Jaihind Webdesk
Tuesday, January 8, 2019

മാവേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍. മാവേലിക്കര തഴക്കാര് വഴുവാടി സ്വദേശി അമലിനെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. സംഘടനയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. 2018 നവംബര്‍ 13നായിരുന്നു സംഭവം.

പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും. ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്താണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതിയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. അതിനുശേഷം വീട്ടില്‍ തിരികെയെത്തിയ കുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കുറത്തികാട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പിന്നീട് മാവേലിക്കരയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മൂന്നുമണിയോടെ നടന്ന ചോദ്യം ചെയ്യലിന് ശേഷം അമലിനെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.