‘അധികാരത്തിന്‍റെ തണലില്‍ എസ്എഫ്‌ഐ കലാലയങ്ങളെ കുരുതിക്കളമാക്കുന്നു’ ; കേരളമാണെന്ന് മറക്കരുതെന്ന് കെ സുധാകരന്‍ എം.പി

Jaihind Webdesk
Sunday, July 25, 2021

 

തിരുവനന്തപുരം : വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ എസ്എഫ്‌ഐ അധികാരത്തിന്‍റെ തണലില്‍ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. എറണാകുളം മഹാരാജാസ് കോളജില്‍ കെ.എസ്.യു നേതാക്കള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികള്‍ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. എസ്എഫ്ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അതു വിലപ്പോകില്ല. അക്രമം അഴിച്ചുവിട്ട് കെ.എസ്.യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി ചെറുക്കേണ്ടി വരുമെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.

സിപിഎമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്എഫ്‌ഐ മാറി. അവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെട്ടു. ആശയങ്ങള്‍ക്കു പകരം കൊടുവാളുമായിട്ടാണ് അവര്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎം കണ്ണൂരില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോള്‍ എസ്എഫ്‌ഐ ക്യാമ്പസുകളില്‍ നടപ്പാക്കുന്നത്. കയ്യൂക്കുകൊണ്ടു കലാലയങ്ങള്‍ ഭരിക്കാം എന്ന എസ്എഫ്‌ഐയുടെ അജണ്ടയ്ക്ക് താങ്ങും തണലും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമാണ്. കലാലയങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്‌ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓര്‍ക്കണമെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേതിന് സമാനമായ ഇടിമുറികള്‍ എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള മിക്ക കോളേജുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യാപകമായ പരാതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറാകില്ല. ഇടത് അധ്യാപക സംഘടനയിലെ ചിലര്‍ അന്വേഷണത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്.

സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്‍റെ പേരില്‍ കൊല്ലം ടികെഎം കോളേജിലെ വിദ്യാര്‍ത്ഥികളെ മൃഗീയമായാണ് പോലീസ് മര്‍ദ്ദിച്ചത്. സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം എന്നും  ക്യാമ്പസുകളില്‍ നിന്നാണ് ആദ്യം ഉണ്ടാകുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ചെറിയ പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാര്‍ത്ഥി സമരങ്ങളെ കൈകാര്യം ചെയ്യുന്നത്. പക്ഷേ ഇതു കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.