തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടക്കേസിലെ എഫ്‌ഐആറില്‍ ഗുരുത പിഴവുകൾ. രണ്ടാം പ്രതിയായ എസ്എഫ്‌ഐ നേതാവ് എ വിശാഖിന്‍റെ പ്രായം 19 എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്തതിനാലാണ് ആള്‍മാറാട്ടം നടന്നതെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് എഫ്ഐആറിലും തിരിമറി നടന്നിരിക്കുന്നത്.
കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ കേരള സര്‍വകലാശാലസ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ഞായറാഴ്ചയാണ് പോലീസ് കേസെടുത്തത്. ഒന്നാം പ്രതി പ്രിന്‍സിപ്പലായിരുന്ന പ്രൊഫസര്‍ ജി.ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പ്രതി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി എ വിശാഖ് 19 വയസെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം വിശാഖിന്‍റെ ജനന തീയതി 25-09-1998 ആണ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസര്‍ തള്ളിയത് കൊണ്ടാണ് തിരഞ്ഞെടുപ്പിന് ശേഷം പേര് തിരുത്തി വിശാഖിനെ യുയുസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എഫ്‌ഐആറില്‍ പ്രായം തെറ്റായി രേഖപ്പെടുത്തിയത് പ്രതിയെ സഹായിക്കാനെന്ന ആക്ഷേപമാണ് ഉയരുന്നത്. കേസിൽ കെഎസ്‌യു ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഒടുവില്‍ സര്‍വകലാശാലയുടെ പരാതിയിൽ എടുത്ത കേസിന്‍റെ എഫ്ഐആർ പോലും പിഴവിന്‍റെ കൂമ്പാരമാവുകയാണ്.