എസ്എഫ്ഐ ആള്‍മാറാട്ടം: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെഎസ്‌യു; നേതാക്കളെ മർദ്ദിച്ച് വലിച്ചിഴച്ച് പോലീസ്

 

തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലൂടെ വിജയിച്ച സ്ഥാനാർത്ഥിയെ മാറ്റി ഏരിയ സെക്രട്ടറിയെ ഉൾപ്പെടുത്തിയ എസ്എഫ്ഐ ആൾമാറാട്ടം ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ . എല്ലാ മേഖലകളിലും തിരുകിക്കയറ്റൽ നടത്തുന്ന സിപിഎം നേതൃത്വം പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികളെ കൂടി വലിച്ചിഴക്കുന്നത് പ്രതിഷേധാർഹമാണ്. തിരഞ്ഞെടുപ്പ് മാറ്റിവെച്ചതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും തിരഞ്ഞെടുപ്പ് പൂർണ്ണമായും റദ്ദ് ചെയ്ത് കൃത്യമായ പരിശോധനകൾ നടത്തി പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ സർവകലാശാല തയാറാകണമെന്ന് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

കേരളാ യൂണിവേഴ്സിറ്റി യൂണിയൻ – സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്താൻ എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്‍റുമാരായ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ ഉൾപ്പടെയുള്ള കെഎസ്‌യു നേതാക്കളെ പോലീസ് അകാരണമായി മർദ്ദിച്ച് വലിച്ചിഴച്ചു അറസ്റ്റ് ചെയ്തു. കെഎസ്‌യു നേതാക്കളായ ഗോപു നെയ്യർ, അദേശ് സുദർമ്മൻ, ശരത് ശൈലേശ്വരൻ, പ്രിയങ്ക ഫിലിപ്പ്, അൽ അമീൻ അഷ്‌റഫ്‌, സച്ചിൻ ടി പ്രദീപ്, ആനന്ദകൃഷ്ണൻ, നസിയ, ലിനറ്റ് മെറിൻ എബ്രഹാം, ആസിഫ്, അഭിജിത് സന്തു ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായി.

ആൾമാറാട്ട വിഷയത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്‌ അലോഷ്യസ് സേവ്യർ ഡിജിപിക്ക് പരാതി നൽകി. കെഎസ്‌യു പ്രതിഷേധത്തെ തുടർന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതിൽ സന്തോഷമുണ്ടെന്നും കൃത്യതയോടു കൂടി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ അറിയിച്ചു.

Comments (0)
Add Comment